പുതുപ്പള്ളിയിൽ കെ.റയിലിനെ കുറിച്ച് പറയാൻ പിണറായിക്ക് പേടി : പക്ഷേ മഞ്ഞക്കുറ്റികൾ നിറയും...

കെ.റയിലിനെ കുറിച്ച് മിണ്ടാൻ പിണറായിക്ക് പേടി. പുതുപ്പള്ളിയിൽ കെ.റയിലിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തർക്ക് മുന്നിൽ പിണറായി
ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ നിശബ്ദരായി.കാരണം പുതുപ്പള്ളിയിലൂടെയാണ് കെ.റയിൽ കടന്നു പോകുന്നത്. ഇപ്പോഴും പുതുപ്പള്ളി നിറയെ മഞ്ഞക്കുറ്റികളുണ്ട് . തൃക്കാക്കരയിലെ പാഠത്തിൻ്റെ ഫലമാണ് പിണറായിയുടെ നിശബ്ദത. അതേ സമയം കെറിയൽ നടപ്പിലാക്കാനുള്ള പിണറായിയുടെ ശ്രമങ്ങൾ അന്ത്യഘട്ടത്തിലാണ്.
ഒരു വർഷം മുമ്പ് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ റെയിലായിരുന്നു ഇടതുമുന്നണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ അജണ്ട. എന്നാൽ, കെ റെയിൽ കടന്ന് പോകുന്ന മേഖലകൾ പുതുപ്പള്ളി മണ്ഡലത്തിൽ ഉണ്ടായിട്ടും പദ്ധതിയെ പറ്റി പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ആരും ഒരക്ഷരം മിണ്ടുന്നില്ല. ഉപതെരഞ്ഞെടുപ്പ് ബഹളങ്ങൾക്കിടയിൽ ഇന്നലെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ അഞ്ഞൂറാം ദിനാചരണവും കോട്ടയത്ത് നടന്നു.
ഒരു വർഷം മുമ്പ്, തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു കെ റെയില്‍ വരുമെന്ന പിണറായി വിജയന്‍റെ മാസ് ഡയലോഗ്. തൃക്കാക്കരയിൽ കൈ പൊള്ളിയതിന്റെ അനുഭവം കൊണ്ടാവാം കെ റെയിൽ കടന്നു പോകുന്ന പ്രദേശങ്ങൾ ഉള്ള മണ്ഡലമായിട്ട് കൂടി കെ റെയിലിനെ കുറിച്ച് പുതുപ്പള്ളിയിൽ ഇടതു നേതാക്കളാരും കാര്യമായൊന്നും മിണ്ടുന്നില്ല. ഇനി അഥവാ ആരെങ്കിലും അതേ പറ്റി ചോദിച്ചാൽ തന്നെയും തന്ത്രപൂർവമാണ് ഇടതു നേതാക്കളുടെ മറുപടി. നേതാക്കള്‍ ആരും പറയുന്നില്ലെങ്കില്‍ നിങ്ങളെന്തിനായി പറയിപ്പിക്കുന്നത് എന്നായിരുന്നു കെ റെയിലിനെ കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ പ്രതികരണം.
കെ റെയില്‍ വരുമെന്നോ ഇല്ലെന്നോ പറയാതെ ഇടത് നേതാക്കൾ ഒഴിഞ്ഞ് മാറുമ്പോഴും മഞ്ഞക്കുറ്റിക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് നടപടി നേരിടേണ്ടിവന്ന ഒരു വിഭാഗം നാട്ടുകാർ മാടപ്പള്ളിയിൽ ഇപ്പോഴും സമരത്തിലാണ്. സമരത്തിൻ്റെ 500 ദിനാചരണം ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സമരവേദിയിൽ പ്രതിപക്ഷ നേതാവ് ആവർത്തിക്കുകയും ചെയ്തു.
എന്നാൽ കെ റയിൽ എന്ന സ്വപ്നം പിണറായി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്ര സർക്കാരാകട്ടെ കേരളത്തിന് കെ റയിൽ നൽകിയേ തീരൂ എന്ന വാശിയിലാണ്. ചെയർമാനായി മെട്രോമാൻ ഇ.ശ്രീധരനെ കൊണ്ടുവന്ന് സിൽവർ ലൈൻ നടപ്പാക്കാൻ സംസ്ഥാനം ഒരുങ്ങുമ്പോഴാണ് പിണറായിയുടെ നിശബ്ദത. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര റയിൽവേ മന്ത്രിയുമായി ഇതു സംബന്ധിച്ച് ചർച്ചയുണ്ടായി. . ഇത് മുഖ്യമന്ത്രി പിണറായി വിജയനുള്ള മോദിയുടെ ആണിയാണ്.. അതായത് കെ.റയിലിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാലുടൻ സ്ഥലമെടുപ്പ് പുനരാരംഭിക്കും. സ്ഥലമെടുപ്പ് പുനരാരംഭിച്ചാലുടൻ കേരളത്തിൻ്റെ അങ്ങോളമിങ്ങോളം പ്രക്ഷോഭം തുടങ്ങും. പ്രക്ഷോഭത്തീയിൽ കേരളം ബംഗാളിലെ സിംഗൂരിന് സമാനമായി മാറുമെന്ന് ബിജെപിക്ക് അറിയാം. ബംഗാളിൽ സി പി എം തകർന്നടിഞ്ഞത് സിംഗൂർ സംഭവത്തോടെയാണ്. ബി ജെ പി പ്രതീക്ഷിക്കുന്നത് ഇതു തന്നെയാണ്. പുതുപ്പള്ളിയിലും സ്വാഭാവികമായി സംഘർഷങ്ങളുണ്ടാകും.
സി പി എമ്മിനെ സംസ്ഥാനത്ത് നിന്നും ഇല്ലാതാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം. തിരിച്ചു വരാത്ത വിധത്തിൽ സി പി എം ഇല്ലാതാകണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. അതിനുള്ള കരുക്കളാണ് കേന്ദ്ര സർക്കാർ നീക്കുന്നത്. സംസ്ഥാന സർക്കാരിനെ സ്നേഹിച്ചു കൊല്ലാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം.
അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന്റെ വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡിപിആർ) എത്രയും വേഗം തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. ഡിപിആറിൽ കേന്ദ്രം തീരുമാനമെടുത്താൽ മാത്രമേ ഇ.ശ്രീധരൻ നിർദേശിച്ച റെയിൽ പദ്ധതിയെക്കുറിച്ച് തുടർ ചർച്ച നടത്താൻ കഴിയൂ എന്ന് അധികൃതർ പറയുന്നു.
അധികം ഭൂമി ഏറ്റെടുക്കാതെ ഭൂഗർഭപാതയിലൂടെയും മേൽപാലത്തിലൂടെയും കടന്നുപോകുന്ന പാതയാണ് ഇ.ശ്രീധരൻ നിർദേശിച്ചത്. ജനങ്ങളുടെ എതിർപ്പ് കുറയ്ക്കുന്ന ഈ നിർദേശത്തോട് സർക്കാരിനു താൽപര്യമുണ്ട്. ഇ.ശ്രീധരന്റെ നേതൃത്വത്തിൽ പദ്ധതി നടത്തിയാൽ എതിർപ്പുകൾ കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. ദേശീയപാതാ വികസനം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രനിർദേശങ്ങൾ പാലിച്ച് പദ്ധതികൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാൽ കേന്ദ്രത്തിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. വിദേശ വായ്പ ലഭിക്കാനും തടസ്സമുണ്ടാകില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തടസ്സമായി നിൽക്കുന്നത് ദക്ഷിണ റെയിൽവേയുടെ നിലപാടാണ്. ഡിപിആർ സമർപ്പിച്ചിട്ടും അതിലെ തീരുമാനം നീണ്ടുപോകുകയാണ്. എത്രയും വേഗം തീരുമാനമെടുക്കാൻ റെയിൽവേ ബോർഡ് ജൂൺ 15ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തു നൽകിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ വേഗത്തിലാക്കാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. വേണ്ടി വന്നാൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും കാണും.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർധ അതിവേഗ റെയിൽപാതയുടെ ഡിപിആർ 2020 ജൂൺ 17നാണ് സംസ്ഥാനം ദക്ഷിണ റെയിൽവേയ്ക്ക് സമർപിച്ചത്. ഡിപിആർ പരിശോധിച്ച റെയിൽവേ ചില വിവരങ്ങൾ കൂടുതലായി ആവശ്യപ്പെട്ടു. പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ ലൊക്കേഷൻ, റെയിൽവേ ഏരിയയിലെ അലൈൻമെന്റ്, പുതിയ പാത വരുമ്പോൾ നിലവിലെ പാതയുമായുള്ള ലൈൻ ക്രോസിങുകൾ ഉൾപ്പെടെയുള്ള കാര്യമാണ് ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നൽകാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടത്. റെയിൽവേ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷൻ മേയ് 12ന് റെയിൽവേ ബോർഡിനെ അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കണമെന്ന് റെയിൽവേ ബോർഡ് ആവശ്യപ്പെട്ട് രണ്ടു മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്താൻ സംസ്ഥാനം ഒരുങ്ങുന്നത്.
2024 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ബിജെപി പരീക്ഷിക്കാൻ പോകുന്ന പുതിയ തന്ത്രമാണ് . കെ റയിൽ! ബംഗാളിൽ ഇടതു ഭരണത്തിന് അന്ത്യംകുറിച്ച ടാറ്റാ മോട്ടേഴ്സ് ഭൂമി വിവാദം പോലെ കേരളത്തിൽ കെ.റയിൽ പദ്ധതി ഇടതു യുഗത്തിന് അന്ത്യം കുറിക്കുമെന്ന് ബിജെപിയും കേന്ദ്ര സർക്കാരും കരുതുന്നു. കെ റയിൽ പദ്ധതിക്ക് അംഗീകാരം നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത് സിംഗൂരിലെയും നന്ദിഗ്രാമിലെയും കർഷക രോഷമായിരുന്നു. ഇടതുപക്ഷ ഭരണകാലത്ത് സിംഗൂരില്‍ ടാറ്റയുടെ ചെറുകാര്‍ നിര്‍മാണശാല തുടങ്ങാന്‍ കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന മമതയ്ക്കായിരുന്നു ഇതിന്റെ നേതൃത്വം. പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലം ഉപേക്ഷിച്ചുപോയ ടാറ്റ ഗുജറാത്തിലെ സാനന്ദില്‍ കാര്‍ ഫാക്ടറി ആരംഭിച്ചു..
ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന നന്ദിഗ്രാമം കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലയായി മാറി. എന്നാല്‍ മമത മുഖ്യമന്ത്രിയായശേഷം തൃണമൂലിന്റെ ഒരു നേതാവും നന്ദിഗ്രാമിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതില്‍ കടുത്ത അമര്‍ഷമാണ് കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്. തങ്ങളുയര്‍ത്തിയ പ്രതിഷേധത്തിന്റെ ചെലവിലാണ് മമത അധികാരത്തില്‍ വന്നതെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.
സമാന സ്ഥിതിയാണ് കേരളത്തിലും സംഭവിക്കാൻ പോകുന്നത്. കെ റയിലിന് വേണ്ടി ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിനകം തന്നെ സ്ഥലം ഏറ്റെടുക്കൽ വലിയ വിവാദത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട്. . ജനകീയ പ്രക്ഷോഭം ഭയന്ന് ഒരു ഘട്ടത്തിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയതാണ്. എന്നാൽ പിണറായി വിജയൻെറ അഹങ്കാരത്തിൻ്റെ ഫലമായി പദ്ധതി വീണ്ടും പ്രാവർത്തികമാവുകയാണ്. പദ്ധതിയുടെ അംഗീകാരത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ നിരന്തര സമ്മർദ്ദം ചെലുത്തുകയാണ് കേരള സർക്കാർ.
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. റോജി എം ജോണിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം 'കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ ചെറുതല്ല.പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡി.പി.ആര്‍ റെയില്‍വേമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നു. മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണ്.
നിലവില്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിര്‍ത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ല. ഭൂമി ഏറ്റെടുക്കലിന് ആധാരമായ 2013 ലെ LARR നിയമത്തിന്റെ വകുപ്പ് 11 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ നിലവില്‍ ക്രയവിക്രയം സാധ്യമാണ്. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും തടസ്സമുണ്ടാകേണ്ടതില്ല. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാര്‍ത്താനിര്‍മ്മിതികളിലൂടെ നടന്നുവരുന്നത്. ഇതാണ് പിണറായിയുടെ നിലപാട്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാല്‍ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിര്‍ത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.
പദ്ധതിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകള്‍ എടുത്തത്'. ഇത് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളിയിലും റൈയിലിൻ്റെ പേരിൽ കേസിൽ പ്രതിയായ നിരവധിയാളുകളുണ്ട്. പുതുപ്പള്ളിയിൽ വികസനമില്ലെന്ന് വാദിക്കുന്ന ഒരൊറ്റ ഇടതു പക്ഷ നേതാവും കെ.റയിലിനെ കുറിച്ച് മിണ്ടുന്നതേയില്ല. അങ്ങനെ മിണ്ടിക്കാൻ വലതു മുന്നണി നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല.
https://www.facebook.com/Malayalivartha

























