താരമായി ശശി തരൂര്‍... പുതുപ്പള്ളിയില്‍ കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും; ചാണ്ടി ഉമ്മന്‍ പഠിപ്പും അറിവും കഴിവുമുള്ള സ്ഥാനാര്‍ഥിയെന്ന് ശശി തരൂര്‍; ചാണ്ടി ഉമ്മന്‍ എന്റെ നല്ല സുഹൃത്തെന്ന് അനില്‍ ആന്റണി

എല്ലാ കണ്ണുകളും പുതുപള്ളിയിലേക്കാണ്. പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയില്‍ പങ്കുചേരും. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക.
ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. സെപ്തംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഒന്നാം ദിനം മുതല്‍ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങള്‍ക്ക് കലാശക്കൊട്ടിന്റെ തലേന്നും അവസാനമുണ്ടായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയെയും സൈബര്‍ കൂട്ടങ്ങള്‍ വെറുതെ വിടുന്നില്ല. സൈബര്‍ ആക്രമണങ്ങളില്‍ ജെയ്ക്കിന്റെ ഭാര്യ ഗീതു ഇന്നലെ പരാതി നല്‍കി.
ജെയ്ക്കിന് വേണ്ടി അയല്‍വാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ച് ഇറങ്ങിയ ഗീതു തോമസിനെ കോണ്‍ഗ്രസ് അനുകൂല സൈബര്‍ പോരാളികള്‍ ട്രോളുന്നത് ആരോഗ്യ സ്ഥിതി പോലും മാനിക്കാതെയാണ്. ട്രോളുകള്‍ കൂടിയതോടെ കോട്ടയം എസ് പിക്ക് ഗീതു തോമസ് പരാതി നല്‍കി. ജയ്ക്ക് സി തോമസ് സൈബര്‍ പരിഹാസങ്ങള്‍ക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗീതു പരാതി നല്‍കിയത്
ഉമ്മന്‍ ചാണ്ടിയുടെ അവസാന നാളുകളില്‍ ചികിത്സയില്‍ പിഴവ് വരുത്തിയെന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാന്‍ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുകയാണ്. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇടത് സൈബര്‍ പോരാളികള്‍ സംഭാഷണം പ്രചരിപ്പിക്കുന്നത്. സംഭാഷണം തിരക്കഥയെന്ന് ചാണ്ടി ഉമ്മന്‍ പറയുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ശബ്ദരേഖയാണെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.
അതേസമയം പുതുപ്പള്ളിയില്‍ ശശി തരൂരിന്റെ വരവ് ഗംഭീരമായി. ഉമ്മന്‍ ചാണ്ടിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാന്‍ ചാണ്ടി ഉമ്മന്‍ തയാറാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ചാണ്ടി ഉമ്മന്‍ പഠിപ്പും അറിവും കഴിവുമുള്ള സ്ഥാനാര്‍ഥിയാണെന്നും അച്ഛനെ അറിയുന്ന പോലെ ചാണ്ടി ഉമ്മനെയും അറിഞ്ഞിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി പെട്ടെന്ന് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പലരും അദ്ദേഹത്തിന്റെ ഓര്‍മയിലാണ് പ്രചാരണത്തിനിറങ്ങുന്നത്. അദ്ദേഹത്തിന്റെ പാരമ്പര്യം മകന്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തയാറാണ്. അച്ഛനെ അറിയുന്ന പോലെ ചാണ്ടി ഉമ്മനെയും അറിഞ്ഞിട്ടുണ്ട്. പഠിപ്പും അറിവും കഴിവുമുള്ള സ്ഥാനാര്‍ഥിയാണ് ചാണ്ടി ഉമ്മന്‍. അദ്ദേഹത്തിനു വേണ്ടിയും സംസാരിക്കാന്‍ എനിക്കു ബുദ്ധിമുട്ടില്ല.
ഭാരത് ജോഡോ യാത്രയില്‍ ചെരിപ്പില്ലാതെ നടന്ന് ആത്മാര്‍ഥത കാണിച്ച വ്യക്തിയാണ്. ചാണ്ടി ഉമ്മന്‍ എല്ലാ വിധത്തിലും പുതുപ്പള്ളിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറായ സ്ഥാനാര്‍ഥിയാണ്. പ്രതിപക്ഷം ഇവിടെ നില്‍ക്കുന്നത് ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടാണ്. സര്‍ക്കാര്‍ നില്‍ക്കുന്നത് അവര്‍ ഇതുവരെ ചെയ്തതിനും ചെയ്യാത്തതിനും വോട്ടുവാങ്ങാനാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ ഞങ്ങള്‍ക്കാണ് വോട്ടുതരാന്‍ പോകുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ അരയും തലയും മുറുക്കി ശക്തമായ പോരാട്ടത്തിനിറങ്ങുകയാണ് മുന്നണികള്‍. ആരു വാഴും ആരു വീഴും എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും പൂര്‍ണമായ ശുഭാപ്തി വിശ്വാസത്തിലാണ് പാര്‍ട്ടികള്‍. മണ്ഡലത്തില്‍ ബിജെപിയുടെ വിജയ പ്രതീക്ഷകളെ കുറിച്ചും ഉമ്മന്‍ചാണ്ടിയുടെ മകനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മനുമായുള്ള സൗഹൃദത്തെ കുറിച്ചും ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി മനസ് തുറന്നു. രാഷ്ട്രീയവും വ്യക്തിപരമായ സൗഹൃദവും വ്യത്യസ്തമാണെന്നും അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം നല്ല രാഷ്ട്രീയ സംസ്‌കാരമല്ലെന്നും അനില്‍ ആന്റണി പറയുന്നു.
"
https://www.facebook.com/Malayalivartha

























