വിത്തിന്‍ 24 അവേഴ്‌സ്... പുതുപ്പള്ളിയില്‍ ജനം വിധിയെഴുതുന്നത് നാളെ; ആവേശക്കൊടുമുടിയേറി പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു, ഇന്ന് നിശ്ശബ്ദ പ്രചാരണം; അവസാന മണിക്കൂറുകളില്‍ പുതുപ്പള്ളിയെ വിവാദത്തിലാക്കി പോത്തും ഓഡിയോയും

പുതുപ്പള്ളി നാളെ വിധിയെഴുതുകയാണ്. ഒരു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശപൂര്‍വ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയില്‍ വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശിച്ചത്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പാമ്പാടിയില്‍ റോഡ് ഷോ നടത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേര്‍ന്നത്. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എം എല്‍ എ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നടത്തി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ബി ജെ പി പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിനൊപ്പം ചേര്‍ന്നു.
പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയില്‍ ആവേശം അലയടിപ്പിച്ചു. കൊട്ടിക്കലാശം നടന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. പരസ്യ പ്രചാരണം അവസാനിച്ച ആറ് മണിക്ക് വെടിക്കെട്ടിന്റെ ആവേശവും പുതുപ്പള്ളിയില്‍ കാണാനായി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ പുതുപ്പള്ളിയില്‍ നിശ്ശബ്ധ പ്രചാരണത്തിനുള്ള സമയമാണ്.
അത് കഴിഞ്ഞ് സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളി ജനത ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനാരെന്ന് വിധി എഴുതുക. അതേസമയം കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളില്‍ പുതുപ്പള്ളിയില്‍ ചര്‍ച്ചയായത് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമര്‍ശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഒന്നാം ദിനം മുതല്‍ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങള്‍ക്ക് കലാശക്കൊട്ടിന്റെ അവസാന ലാപ്പിലും അവസാനമായിരുന്നില്ല. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും മകള്‍ അച്ചു ഉമ്മനെയും സൈബര്‍ കൂട്ടങ്ങള്‍ വെറുതെ വിട്ടില്ല.
മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്നും തൊലിക്കട്ടിയുടെ കൂടുതല്‍ കൊണ്ടാണ് പുതുപ്പള്ളിയില്‍ പ്രചരണത്തിന് എത്തിയതെന്നും തൊലിക്കട്ടി ഇല്ലെങ്കില്‍ മുഖ്യമന്ത്രി എത്തില്ലെന്നുമായിരുന്നു കെ പി സി സി അധ്യക്ഷന്‍ രാവിലെ പറഞ്ഞത്. സുധാകരന് മറുപടിയുമായി മന്ത്രി വാസവനും എത്തിയതോടെ 'പോത്ത്' പരാമര്‍ശം ചര്‍ച്ചയാകുന്നുണ്ട്. പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് നടത്തിയതെന്നുമാണ് വാസവന്‍ തിരിച്ചടിച്ചത്. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ടെന്നും പുതുപ്പള്ളിയില്‍ യുഡിഎഫിന് അരലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.
ഉമ്മന്‍ ചാണ്ടിയുടെ അവസാന നാളുകളില്‍ ചികിത്സയില്‍ പിഴവ് വരുത്തിയെന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാന്‍ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതലാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിച്ചത്. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ചിലര്‍ സംഭാഷണം പ്രചരിപ്പിക്കുന്നത്. വേട്ടയാടല്‍ ഏശില്ലെന്നും മനസ്സാക്ഷിയുടെ കോടതിയില്‍ പരിശുദ്ധനാണെന്നുമാണ് ചാണ്ടി ഉമ്മന്‍ ഇതിനോട് പ്രതികരിച്ചത്. ഒരു മകന്‍ എന്ന നിലയില്‍ പിതാവിന് എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ട്. സി പി എം വ്യാജ ഓഡിയോകള്‍ പ്രചരിപ്പിക്കുന്നെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. സംഭാഷണം തിരക്കഥയെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പ്രചാരണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടത്. ആരുടെയും വ്യക്തിപരമായ കാര്യങ്ങളല്ല തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തിലെ വികസനവും ജീവിത പ്രശ്‌നങ്ങളുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























