കടമക്കുടിയിലെ കൂട്ട ആത്മഹത്യയിൽ ദമ്പതികളുടെ ബാങ്ക് ഇടപാട് വിവരങ്ങൾ പോലീസിന് ലഭിച്ചു:- അന്വേഷണത്തിന്റെ ഭാഗമായി എൻപിസിഐ യെ സമീപിക്കാൻ പോലീസ്...
കടമക്കുടിയിൽ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ ബാങ്ക് ഇടപാട് വിവരങ്ങൾ പൊലീസിന് ലഭിച്ചു. മരിച്ച ശിൽപ്പ വലിയ തോതിൽ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇവരുടെ ഭർത്താവ് നിജോയുടെ ഇടപാടുകളിലും സംശയമുണ്ട്. അക്കൗണ്ടിലേക്ക് പണമയച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. (യുപിഐ) ഐ ഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എൻപിസിഐ യെ സമീപിക്കുമെന്ന് പൊലീസ് പറഞ്ഞു.
എൻപിസിഐ വിവരങ്ങൾ നൽകിയാലുടൻ നടപടി സ്വീകരിക്കും. ഓൺലൈൻ വായ്പാ തട്ടിപ്പുകാരിലെക്ക് എത്താനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ബാങ്കിടപാട് നടത്തിയ മുഴുവൻ പേരും അന്വേഷണ പരിധിയിൽ വരും. ഓൺലൈൻ വായ്പക്ക് പുറമെ കുടുംബം മുളന്തുരുത്തിയിലെ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പപയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇവർക്ക് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. മുളന്തുരുത്തിയിലെ സർവ്വീസ് സഹകരണ ബാങ്കിൽ മാതാവിൻ്റെ പേരിലെടുത്ത ലോണിൽ മാത്രം 3,09,578 രൂപ കൂടിശികയുണ്ട്.
ശിൽപ്പ മറ്റ് ബാങ്കുകളിൽ നിന്ന് വലിയ തുക ലോൺ സ്വീകരിച്ചതായുള്ള വിവരവും പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഓൺലൈൻ വായ്പ കമ്പനിയുടെ ഭീഷണിക്ക് പുറമേ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലുമായിരുന്നു കുടുംബം. ഇതിനു പുറമേയാണ് സഹകരണ ബാങ്കിൽ നിന്നുള്ള നോട്ടീസും ലഭിച്ചത്. ജീവനൊടുക്കാൻ ഇതും കുടുംബത്തെ സമ്മർദത്തിലാക്കിയിട്ടുണ്ടാകാം എന്നാണ് പൊലീസിൻറെ നിഗമനം.
യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ലോൺ അടക്കാൻ സമ്മർദ്ദം ചെലുത്തുന്ന തരത്തിൽ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിൽ എത്തിയിരുന്നു. ശിൽപയുടെ അക്കൗണ്ടിൽ നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നൽകിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ബാങ്കിന്റെയും വായ്പ നൽകിയ സ്ഥാപനത്തിന്റെയും വിവരങ്ങളില്ല. എത്ര രൂപയാണ് ഓൺലൈൻ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല.
കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നൽകിയ ഓൺലൈൻ സംഘം ശിൽപയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങൾ അയച്ചു തുടങ്ങിയത്. മോർഫ് ചെയ്ത നഗ്ന ഫോട്ടോ ഉൾപ്പെടെ സന്ദേശങ്ങൾ ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിൽ വാട്സാപ് ആയും അയച്ചുകൊടുത്തു.
25 പേർക്ക് ഇത്തരത്തിൽ സന്ദേശമെത്തിയതായാണു വിവരം. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവർക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നഗ്ന ചിത്രങ്ങളടക്കം എല്ലാ കോൺടാക്ടുകളിലേക്കും അയച്ചു നൽകുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ജീവിതത്തില്‍ കടത്തിന് മേല്‍ കടം കയറിയിരിക്കുകയാണെന്നും ആരും സഹായിച്ചില്ല, ജീവിതം മടുത്തുവെന്നും കത്തിലുണ്ട്.
അമ്മ വിഷമിക്കരുത്. മരണാനന്തര ചടങ്ങുകള്‍ക്ക് ആരില്‍ നിന്നും പണം വാങ്ങരുത്, അവരത് ജീവിച്ചിരുന്നപ്പോള്‍ ചെയ്തില്ലെന്നും മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്നും കത്തില്‍ പറയുന്നു. കുഞ്ഞുങ്ങളെ കൊണ്ട് പോകരുതെന്നാണ് കരുതിയത്. മറ്റുള്ളവരുടെ ആട്ടും, തുപ്പും കേട്ട് അവരും ജീവിക്കേണ്ട. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി ഞങ്ങള്‍ മാത്രമാണെന്നും കത്തില്‍ പറയുന്നു. പലരോടും സഹായം ചോദിച്ചു. ഒരാള്‍ പോലും സഹായിച്ചിട്ടില്ല. കൂട്ടുകാരും വീട്ടുകാരും ഇല്ലാഞ്ഞിട്ടല്ല. വയ്യ, ഇനിയും ഇങ്ങനെ എരിഞ്ഞുതീരാന്‍. വലിയ ആഗ്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.'' എന്നും കത്തില്‍ പറയുന്നു. മരണശേഷവും ലോൺ അപ്പുകാർ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണുകളിൽ അയച്ചിരുന്നു.
https://www.facebook.com/Malayalivartha