'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

85000 കോടിയുടെ കടം ഉണ്ടാക്കി വച്ചിട്ട് എന്നോട് ചോദിക്കുകയാണ് ഡിഎ കുടിശിക കൊടുക്കണ്ടേയെന്ന്. സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ ഡിഎ കുടിശിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പരാമര്‍ശങ്ങളൊന്നുമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്ത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ കോടികളുടെ ഡിഎ കുടിശികയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും ഇത് ചോദ്യം ചെയ്യാനുള്ള അര്‍ഹത അദ്ദേഹത്തിനില്ലെന്നുമാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. ഇപ്പോള്‍ 25 വര്‍ഷം പിന്നില്‍ നില്‍ക്കുന്ന കേരളത്തെ 25 വര്‍ഷം മുന്നിലേക്ക് നടത്തിക്കാനാണ് തങ്ങള്‍ അധികാരത്തില്‍ എത്തിയതെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? അത് പിണറായിയുടെ സര്‍ക്കാരാണ്. 85000 കോടിയുടെ കടം ഉണ്ടാക്കി വച്ചിട്ട് എന്നോട് ചോദിക്കുകയാണ് ഡിഎ കുടിശിക കൊടുക്കണ്ടേയെന്ന്. അത് ചോദിക്കാനുള്ള അര്‍ഹത അദ്ദേഹത്തിനില്ല. ഒരു ഗഡു പോലും കുടിശിക വരുത്തില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിച്ച് പണമുണ്ടാക്കും. ആ പണം കൊണ്ട് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും. അഞ്ച് പൈസ കൈയിലില്ല, എന്നിട്ടും വീണ്ടും പഴയതുപോലെ ആവണമെന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ ഇതെല്ലാം തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളോട് പറഞ്ഞിട്ടാണ് അധികാരത്തില്‍ വന്നത്' മുഖ്യമന്ത്രി പറഞ്ഞു.
നല്‍കാനുള്ള ഡി എ കുടിശിക അഞ്ച് ഗഡുക്കളായി കൊടുത്തുതീര്‍ക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ പറഞ്ഞത്. എന്നാല്‍, ഇതേക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ പ്രത്യേകമായി യാതൊരു പരാമര്‍ശവും ഉണ്ടായില്ലെന്നാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശിക മുടക്കം കൂടാതെ നല്‍കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha





















