സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച് സുപ്രീംകോടതി, ബാര്‍മുതലാളിമാര്‍ക്ക് തിരിച്ചടി, അടച്ച ബാറുകള്‍ തുറക്കില്ല

സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച് സുപ്രീംകോടതിവിധി.സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീര്‍പ്പ്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും ബാറുകളുടെ നിലനില്‍പ്പും നിര്‍ണയിക്കപ്പെടുന്ന വിധിയാണ് ഇന്ന് ഉണ്ടായത്. ജസ്റ്റിസുമാരായ ശിവകീര്‍ത്തി സെന്‍, വിക്രംജിത്ത് സെന്‍ എന്നിവരുടെ ബെഞ്ചാണു കേസില്‍ വാദം കേട്ട് വിധിപ്രഖ്യാപിച്ചത്. രണ്ടുവര്‍ഷമായി കേരളത്തിന്റെ സാമൂഹികരാഷ്ട്രീയരംഗത്തു കോളിളക്കം സൃഷ്ടിച്ച കേസിലാണു വിധി.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ എതിര്‍ത്തുള്ള ബാറുടമകളുടെ ഹര്‍ജി തള്ളുന്നു എന്ന വരിമാത്രമാണ് ജഡ്ജി വിധി പ്രസ്താവത്തില്‍ പറഞ്ഞത്. വിധിപ്പകര്‍പ്പു ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാകൂ. അതേസമയം, നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബാറുടമകള്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ നിന്നു ചെറിയ പ്രതീക്ഷമാത്രമേ ഉണ്ടായിരുന്നുള്ളെന്നും ബാറുടമകള്‍ കൂട്ടിച്ചേര്‍ത്തു.
മദ്യവില്‍പ്പന എന്നത് മൗലിക അവകാശമല്ലെന്നു കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാനാകില്ല. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ലൈസന്‍സ് ഉള്ളൂ. സര്‍ക്കാരിനു നയം തീരുമാനിക്കാം. മദ്യ ഉപഭോഗം തീരുമാനിക്കാന്‍ സര്‍ക്കാരിനു അധികാരമുണ്ടെന്നും കോടതി വിലയിരുത്തിയിരുന്നു.
ബാര്‍ കേസില്‍ ഇതുവരെ സംഭവിച്ചത്:
2014 മാര്‍ച്ച് 31
കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് 730 ബാറുകള്‍. 10 ബാറുകള്‍ കോടതി നടപടികളുമായി ബന്ധപ്പെട്ട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുകൂടി ചേര്‍ത്താല്‍ 740.
2014 ഏപ്രില്‍ 01
നിലവാരമില്ലാത്ത 418 ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നു റദ്ദായി. 410 ബാറുകള്‍ അന്നുതന്നെ അടച്ചുപൂട്ടി. എട്ടെണ്ണം കോടതിയില്‍. ബാക്കി 312 ബാറുകള്‍.
2014 ഒക്‌ടോബര്‍ 30
സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചു. ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ളതും ക്ലാസിഫിക്കേഷന്‍ ഇല്ലാത്തതുമായ 250 ബാറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ഇതോടെ സംസ്ഥാനത്തു ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് വിഭാഗങ്ങളിലായി 62 ബാറുകള്‍ മാത്രം ബാക്കിയായി.
2014 ഒക്‌ടോബര്‍ 31
2014 ഒക്‌ടോബര്‍ 30നു പൂട്ടിയ ബാറുകള്‍ ഒരു മാസത്തേക്കു തുറക്കാനുള്ള വിധി പിറ്റേന്നുതന്നെ വന്നു. കേസ് തുടര്‍ന്നതിനാല്‍ ഇവ 2015 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചു. ഇതിനിടയില്‍, കോടതിവിധികളുടെ അടിസ്ഥാനത്തില്‍ 12 ബാറുകള്‍ കൂടി തുറന്നു.
2015 മാര്‍ച്ച് 31
പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നു വ്യവസ്ഥചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവച്ചു. ഇതോടെ സംസ്ഥാനത്തെ 300 ബാറുകള്‍ മാര്‍ച്ച് 31നു രാത്രി പൂട്ടി. മൂന്നു ബാറുകള്‍ക്ക് പിന്നീട് ലൈസന്‍സ് ലഭിച്ചു.
നിലവിലെ മദ്യവില്‍പന
27 ബാര്‍ (ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍)
33 ബാര്‍ ഉള്ള ക്ലബ്ബുകള്‍
806 ബിയര്‍വൈന്‍ പാര്‍ലറുകള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha