ബാര്‍ കേസിലെ വിജയം സുധീരനോ..? ഉമ്മന്‍ചാണ്ടിക്കോ..?

ബാര്‍ വിവാദത്തില്‍ ശരിക്കും കൈയ്യടി നേടിയത് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്റെ നിലപാടുകള്‍ക്കായിരുന്നു.
പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന സാഹചര്യത്തിലാണ് മദ്യനിരോധനത്തിന്റെ വക്താവായി സുധീരന്‍ കടന്ന് വരുന്നത്.
അടഞ്ഞു കിടക്കുന്ന 418 ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം മന്ത്രിസഭായോഗത്തില്‍ എടുക്കാനാവാതെ വന്നപ്പോള്‍ സുധീരന്‍ ഈ വിഷയത്തിലേക്ക് ചാടി വീഴുകയായിരുന്നു. ചില ബിഷപ്പുമാരും മദ്യനിരോധന സംഘടനകളും അദ്ദേഹത്തിനു പിന്തുണ നല്‍കിയതോടെ കാര്യങ്ങള്‍ പതിവുരീതികള്‍ വിട്ടുതുടങ്ങി. ഗ്രൂപ്പ് പോരില്‍ അപാര മെയ്‌വഴക്കത്തോടെ പിടിച്ച്് നില്‍ക്കാറുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീഴ്ത്താന്‍ സുധീരനോ ഐ ഗ്രൂപ്പിനോ സാധിച്ചില്ല.
2014 ഏപ്രില്‍ മാസത്തോടെയാണ് കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാര്‍ വിഷയത്തിന്റെ ആരംഭം. സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കിനല്‍കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ 418 ബാറുകള്‍ അടച്ചുപൂട്ടി. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമെന്ന സര്‍ക്കാര്‍ നയത്തെ, ഒക്ടോബര്‍ 30ന് ഹൈക്കോടതിയും ശരിവച്ചു. പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പൂട്ടിക്കിടക്കുകയായിരുന്ന 418 ബാറുകള്‍ തുറക്കണമെന്ന നിര്‍ദേശമടങ്ങിയ ഫയല്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തോടെ എക്‌സൈസ് മന്ത്രി കെ. ബാബു മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. നിയമവകുപ്പു കാണാതെയാണ് ഫയല്‍ മന്ത്രിസഭയിലെത്തിയത്. അതിന്റെ പേരില്‍ നിയമമന്ത്രി കെ.എം.മാണി എതിര്‍പ്പ് രേഖപ്പെടുത്തി. തീരുമാനം അന്നത്തെ മന്ത്രിസഭായോഗത്തിനു വിട്ടു. അതിന് ശേഷം കേരള കോണ്‍ഗ്രസ്സും മുസ്ലിം ലീഗും മദ്യനിരോദനത്തിനായി ബാറുകള്‍ അടച്ച് പൂട്ടണമെന്ന നിലപാട് സ്വകരിച്ചതോടെ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും അടച്ച ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചു. പിന്നിട് 2004 ലെ സി.എ.ജി. റിപ്പോര്‍ട്ടിന്റെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ഈ 418 ബാറുകളില്‍ നിലവാരമുള്ളവ മാത്രം തുറക്കാന്‍ അനുമതി നല്‍കാം എന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിനായി സുധീരന്‍ വാദിച്ചു. ഇതോടെ വെട്ടിലായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു.
ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടയെന്ന തന്റെ മുന്‍ നിലപാട് ബലപ്പെടുത്തിയതോടെ മന്ത്രി സഭയിലെ അംഗങ്ങള്‍ വരെ സുധീരനെതിരെ തിരിയുന്ന സാഹചര്യമുണ്ടായി. പിന്നിടങ്ങോട്ട് കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ മദ്യനിരോധനത്തിന്റെ പേരില്‍ തമ്മിലടിച്ചു. ഒരാള്‍ മാത്രം മദ്യംനിരോധനത്തിന്റെ വക്താവും ബാക്കിയെല്ലാവരും മദ്യലോബിയുടെ ആളുകളെന്നും വരുത്താന്‍ നോക്കേണ്ടെന്ന് വി.ഡി.സതീശന്‍ തന്നെ ഒരു ഘട്ടത്തില്‍ സുധീരനെതിരെ തുറന്നടിച്ചു. പക്ഷെ തന്ത്രശാലിയായ ഉമ്മന്‍ ചാണ്ടി 418 ബാറുകള്‍ മാത്രമല്ല, പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ തീരുമാനിക്കണമെന്ന നിര്‍ദേശമാണ് വായിച്ചത്. നേതാക്കള്‍ ഞെട്ടിത്തരിച്ചിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഹെറിറ്റേജ് ഹോട്ടലുകളും ഒഴികെ ഒരു ഹോട്ടലിലും ബാര്‍ ഉണ്ടാവില്ലെന്ന തീരുമാനമാണ് അന്ന് യു.ഡി.എഫ്. കൈക്കൊണ്ടത്. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇമേജ് കുത്തനെ ഉയര്‍ന്നു.
ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ്സിനും ഇത് രാഷ്ട്രീയനേട്ടമായി എടുത്ത് കാട്ടുകതന്നെ ചെയ്യാം. സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്ന നല്ലൊരുശതമാനം വരുമാനം വേണ്ടന്ന് വച്ചിട്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാര്‍ പൂട്ടിച്ചത്. പക്ഷെ ബാറുകളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. ബാറുകളുടെ നിലവാരം കൂട്ടാന്‍ നാലും അഞ്ചും കോടി രൂപ വായ്പയെടുത്ത ബാറുടമകള്‍ കടുത്ത പ്രതിസന്ധിയിലായി. ടൂറിസം മേഖല പ്രതിസന്ധിയിലേക്കു കടന്നു. ബാറുകള്‍ പൂട്ടിയത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ പലതരത്തില്‍ ബാധിച്ചു. ബാര്‍ക്കോഴ വെളിപ്പെടുത്തലുകളും കോടികളുടെ അഴിമതി കഥകളും രാഷ്ട്രീയ കേരളം കേട്ടു. സുപ്രിം കോടതിയുടെ വിധി കൂടി വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വിജയമായി എടുത്ത് കാട്ടാനാകും കോണ്‍ഗ്രസ്സ് ശ്രമിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha