'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക! ഇതിനപ്പുറം ഒന്നുമില്ല.'....താന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണെന്ന് ജോയ് മാത്യു കുറിച്ചു

'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക! ഇതിനപ്പുറം ഒന്നുമില്ല.'....നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ താന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണെന്നും ജോയ് മാത്യു കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
'സന്ദേശം 'സിനിമ ഇറങ്ങി ഇന്നേക്ക് 32 വര്‍ഷം പൂര്‍ത്തിയാവുന്നു .ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതില്‍ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാന്‍ മലയാളികളുടെ രാഷ്ട്രീയ പാര്‍ട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. 'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക! ഇതിനപ്പുറം ഒന്നുമില്ല.'
സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് .
അതേസമയം, സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പരാതിക്കാരിയായ മാദ്ധ്യപ്രവര്‍ത്തകയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. സുരേഷ് ഗോപിയ്ക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തക മൊഴിയില്‍ ആവര്‍ത്തിച്ചു. സുരേഷ് ഗോപിയ്ക്കെതിരെ ഐ പി സി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് തളിയില്‍ സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. കൈ വയ്ക്കുമ്പോള്‍ തന്നെ അവര്‍ അത് തട്ടിമാറ്റുന്നുണ്ട്. എന്നാല്‍ വീണ്ടും തോളില്‍ കൈവയ്ക്കാന്‍ വരുകയും യുവതി കൈ തട്ടി മാറ്റുകയും ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിതിന് പിന്നാലെ വലിയ ചര്‍ച്ചയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha





















