സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പരാതിക്കാരിയായ മാദ്ധ്യപ്രവര്‍ത്തകയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പരാതിക്കാരിയായ മാദ്ധ്യപ്രവര്‍ത്തകയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. സുരേഷ് ഗോപിയ്ക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തക മൊഴിയില്‍ ആവര്‍ത്തിച്ചു. സുരേഷ് ഗോപിയ്ക്കെതിരെ ഐ പി സി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാം.
കഴിഞ്ഞ ദിവസം കോഴിക്കോട് തളിയില്‍ സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. കൈ വയ്ക്കുമ്പോള്‍ തന്നെ അവര്‍ അത് തട്ടിമാറ്റുന്നുണ്ട്. എന്നാല്‍ വീണ്ടും തോളില്‍ കൈവയ്ക്കാന്‍ വരുകയും യുവതി കൈ തട്ടി മാറ്റുകയും ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിതിന് പിന്നാലെ വലിയ ചര്‍ച്ചയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു.
'ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'- എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha





















