നടുക്കത്തോടെ കേരളം... കളമശേരി സ്‌ഫോടനത്തില്‍ ചികിത്സയിലിരുന്ന 12കാരിയും മരിച്ചു; സ്‌ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു; മരണ സംഖ്യ മൂന്നായി ഉയര്‍ന്നു; ഇന്ന് സര്‍വകക്ഷി യോഗം

കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്നതായിരുന്നു കളമശേരിയിലെ ബോംബ് സ്‌ഫോടനം. കളമശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സ്‌ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നല്‍കി വരികയായിരുന്നു. എന്നാല്‍, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് മരിക്കുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു.
എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്. 25ഓളം പേര്‍ ചികിത്സയിലാണ്. ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ. കുമാരിയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും രാവിലെ മരിച്ച സ്ത്രീയെ തിരിച്ചറിയാനായിരുന്നില്ല.
ലയോണയെ കാണാത്തതിനെതുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ നാളെ എത്തിയശേഷം മൃതദേഹം തിരിച്ചറിയണം. ഇതിനുശേഷം മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.
കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് ഇന്ന് രാവിലെ 9.40ഓടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ പ്രതിയായ എറണാകുളം കവടന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്
കൊച്ചി കടവന്ത്ര എളംകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക് ലൈവിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്തശേഷം തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കളമശേരി സംറ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ രാവിലെ 9.38നാണ് മൂന്നു തവണയായി റിമോട്ട് നിയന്ത്രിത ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടനങ്ങളുണ്ടായത്. ഏകദേശം 2500 പേര്‍ തിങ്ങിനിറഞ്ഞ ഹാളിന്റെ മധ്യഭാഗത്തായിരുന്നു സ്‌ഫോടനങ്ങള്‍. ചോറ്റുപാത്രത്തിലെ ബോംബിനൊപ്പം ഇന്ധനം നിറച്ച കുപ്പിയും വച്ചിരുന്നുവെന്നാണു വിവരം.
പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53) , മലയാറ്റൂര്‍ 12 വയസുകാരി എന്നിവരാണു മരിച്ചത്. 52 പേര്‍ക്കു പരുക്കേറ്റു. മരിച്ചവരിലൊരാള്‍ ലെയോണയാണെന്നു രാത്രി വൈകിയാണു ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 90% പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന 12 വയസുകാരി പുലര്‍ച്ചെ ഒന്നോടെയാണു മരിച്ചത്.
ചികിത്സയിലുള്ള 29 പേരില്‍ 16 പേര്‍ ഐസിയുവിലാണ്. 4 പേരുടെ നില ഗുരുതരം. പ്രതി ഡൊമിനിക് തന്നെയെന്ന് ഉറപ്പിച്ചതു ബോംബ് പൊട്ടിക്കാനുപയോഗിച്ച റിമോട്ടിന്റെ ചിത്രം ഫോണില്‍ കാട്ടിക്കൊടുത്തപ്പോഴാണ്. യുട്യൂബില്‍ നോക്കി പഠിച്ച് ബോംബ് സ്വയം നിര്‍മിക്കുകയായിരുന്നുവെന്നാണ് മൊഴി. മുന്‍പ് 'യഹോവയുടെ സാക്ഷികള്‍'ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നു സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡൊമിനിക് ഒരുവര്‍ഷം മുന്‍പുവരെ വിദേശത്തായിരുന്നു. കുടുംബം 6 വര്‍ഷമായി തമ്മനത്താണ് താമസം.
എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തില്‍ 21 അംഗ പ്രത്യേക ന്വേഷണസംഘം രൂപീകരിച്ചു. ഭീകരവിരുദ്ധനിയമം, സ്‌ഫോടകവസ്തുനിയമം തുടങ്ങിയവ പ്രകാരമാണു കേസ്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു 10ന് സര്‍വകക്ഷി യോഗം ചേരും.
"
https://www.facebook.com/Malayalivartha





















