സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ് നിർമ്മിച്ചത് തമ്മനത്തെ വീട്ടിൽ വച്ച്; കൃത്യത്തിന് ശേഷം ചാലക്കുടിയിലെ ലോഡ്ജിലെത്തി, ഫേസ്ബുക്ക് ലൈവ്; മുൻകൂട്ടി പരീക്ഷണം നടത്തിയോ എന്ന് അറിയാനായി വിശദമായി ചോദ്യം ചെയ്യും...

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിന്റെ ആസൂത്രിതനായ ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്‍റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഡൊമിനികിന്‍റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിലവിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ ഒരുമാസം മുമ്പ് ദുബായിൽ നിന്ന് തിരിച്ചെത്തിയ മാർട്ടിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ ഇനി കണ്ടെത്തേണ്ടതുണ്ട്. പ്രതി പോലീസിൽ എത്തി കീഴടങ്ങിയതിന് ശേഷം മാധ്യമങ്ങളിൽ വന്ന വാർത്തയിലൂടെയാണ് ഇയാളുടെ കുടുംബം, സ്ഫോടനം നടത്തിയത് മാർട്ടിനാണെന്ന് അറിഞ്ഞത് തന്നെ.
ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. മുൻകൂട്ടി പരീക്ഷിച്ചോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യൽ ഇന്നുണ്ടാകും. സ്ഫോടനം നടത്തിയ ശേഷം ചാലക്കുടിയിലെ ലോഡ്ജിലെത്തിയാണ് ഇയാൾ ഫേസ്ബുക്ക് വീഡിയോ പങ്കുവച്ചത്.
യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്താണ് ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് സ്ഥാപിച്ചത്. 2400ഓളം വരുന്ന ആള്‍ക്കൂട്ടത്തിനിടയിലാണ് ബോംബ് സ്ഥാപിച്ചത്. ബോംബ് സ്ഫോടനത്തിന് ഓഡിറ്റോറിയത്തിന് പുറത്തേയ്ക്ക് പോയ നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങി. കാറിന്‍റെ നമ്പര്‍ ഒരാള്‍ പൊലീസിനെ വിളിച്ച് അറിയിച്ചതാണ്.
ഈ നമ്പറില്‍ മറ്റൊരു കാര്‍ കണ്ടെത്തിയതോടെയാണ് നീല കാര്‍ സംബന്ധിച്ച് സംശയമുണ്ടായത്. എന്നാല്‍ ഈ കാറിന് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് നിലവില്‍ പൊലീസിന്‍റെ കണ്ടെത്തല്‍. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയന്ന് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് പൊലീസിന്‍റെ നിഗമനം.
അതിനിടെ കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12കാരി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലിബിന.
തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) ആണ് മരിച്ചത്. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ലയോണയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സ്‌ഫോടനത്തിൽ സാരമായി പരിക്കേറ്റ ലയോണ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
മുഖമുൾപ്പെടെ പൊള്ളലേറ്റ് കരിഞ്ഞതിനാൽ ലയോണയെ തിരിച്ചറിയുക പ്രയാസം ആയിരുന്നു. കയ്യിലെ മോതിരം കണ്ട് ബന്ധുവാണ് ലയോണയെ തിരിച്ചറിഞ്ഞത്. ഇവർ ഒറ്റയ്ക്കാണ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയത് എന്ന് പോലീസ് പറഞ്ഞു. ലയോണയുടെ മകൾ വിദേശത്താണ്. ഇന്ന് ഇവർ നാട്ടിലെത്തും.
ഇതിന് ശേഷമാകും മൃതദേഹം കൈമാറുക. ഇന്നലെ രാത്രി തൊടുപുഴ സ്വദേശിനിയും മരിച്ചിരുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റ 16 പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. സ്‌ഫോടനത്തിൽ 50 ലധികം പേർക്കായിരുന്നു പരിക്കേറ്റത്.
https://www.facebook.com/Malayalivartha





















