മാർട്ടിൻ ബോംബ് വച്ചത് ടിഫിൻ ബോക്സിൽ അല്ല, പ്ലാസ്റ്റിക്ക് കവറുകളിൽ:- പൊട്ടിച്ചത് 50 ഗുണ്ടുകൾ; 8ലിറ്റർ പെട്രോള്‍.. പ്രാക്ടീസ് ചെയ്തത് ടെറസിന് മുകളിൽ:- ഒരു മാസം മുമ്പ് ദുബായിൽ നിന്ന് തിരിച്ചെത്തിയത് വമ്പൻ പ്ലാനിങോടെ...

കൺവൻഷൻ സെന്റർ സ്ഫോടനത്തിന് ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്സിലല്ലെന്ന് പ്രതി ഡൊമനിക് മാര്‍ട്ടിന്‍. ആറു പ്ലാസ്റ്റിക് കവറുകളിലാണ് ബോംബുവച്ചതെന്നും ഇവ ആറിടത്തായി സ്ഥാപിച്ചെന്നും ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നല്‍കി. പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്. എട്ടു ലിറ്റർ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയില്‍നിന്നാണെന്നും പ്രതി മൊഴി നല്‍കി.
യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാർട്ടിൻ പറയുന്നു. രാവിലെ ഏഴ് മണിയോടെ കൺവെൻഷൻ സെന്ററിലെ കസേരകളുടെ അടിയിൽ ബോംബുവച്ചു. ഈ സമയം ഹാളിൽ മൂന്നുപേരെ ഉണ്ടായിരുന്നുള്ളു. പ്ളാസ്‌റ്റിക് കവറുകളിൽ പെട്രോൾ നിറച്ച് കൺവെൻഷൻ സെന്ററിൽ ആറിടത്തായി വച്ചു.
ഇതിനോട് ചേർത്ത് ബോംബ് ഘടിപ്പിച്ചിരുന്നു. ശേഷം റിമോട്ട് കൺട്രോളിലൂടെ സ്ഫോടനം നടത്തി. മൂന്ന് ബോംബുകളാണ് പൊട്ടിയത്. തന്റെ തറവാട് വീട്ടിന്റെ ടെറസിൽ വച്ച് ബോംബ് തയ്യാറാക്കിയ ശേഷം മാർട്ടിൻ ഇത് പരീക്ഷിച്ച് നോക്കിയിരുന്നില്ല. ശരിയായി പ്രവർത്തിക്കും എന്ന ആത്മവിശ്വാസം ഇയാൾക്കുണ്ടായിരുന്നു എന്നാണ് സൂചന. ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്.
പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിശ്വാസികൾ എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ ഇയാൾ പിൻനിരയിൽ നിന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.
മാത്രമല്ല, സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക കൂടി ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡൊമിനിക് മാർട്ടിൻ ഹാജരാക്കിയ ഓരോ തെളിവുകളും പോലീസ് കൃത്യമായി പരിശോധിക്കുന്നുണ്ട്. പലകടകളിൽ നിന്നായിട്ടാണ് സ്ഫോടവസ്തുക്കൾ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നൽകിയതായാണ് വിവരം. കൃത്യം താൻ ഒറ്റക്ക് തന്നെ ചെയ്തു എന്നാണ് മാർട്ടിൻ പോലീസിന് നൽകിയ മൊഴി.
എന്നാൽ ആദ്യഘട്ടത്തിൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. എല്ലാവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്കൊപ്പം വേറെ ആരെങ്കിലും സ്ഥലത്ത് എത്തിയോ, മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്ന വിവരങ്ങളൊന്നും തന്നെ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് ഈ വശങ്ങളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഒട്ടനവധി വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
ബോംബ് പൊട്ടിയതിന് ശേഷം ഇയാൾ സ്കൂട്ടറിൽ ഇവിടെ നിന്ന് കടന്ന് കളയുകയായിരുന്നു. ഇവിടെ നിന്ന് നേരെ ചാലക്കുടിയിലേക്കായിരുന്നു ഇയാൾ പോയത്. ചാലക്കുടിയിൽ എത്തിയ ഇയാൾ മുറിയെടുത്ത ശേഷം വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഓരോന്നിന്റെയും തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്. ഇതുവരെ ഇയാൾ പറഞ്ഞ കാര്യങ്ങളൊക്കെ പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം.
ബോംബ് നിർമാണ പ്രക്രിയ അടക്കം പഠിച്ചത് ഇന്റനെറ്റിൽ നിന്നാണെന്നാണ് ഇയാൾ പറയുന്നത്. യൂട്യൂബ് ലോഗിൻ വിവരങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുവരെ അറസ്റ്റ് റെക്കോർഡ് രേഖപ്പെടുത്തിയിട്ടില്ല.
സമ്പൂർണ വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. ഒരു മാസം മുമ്പ് ദുബായിൽ നിന്ന് തിരിച്ചെത്തിയ മാർട്ടിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















