മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതോടെ നാട്ടിലെത്തിയത് ഒരുമാസം മുമ്പ്; ഇരുനില വീടിന് മുകളിലത്തെ വാടക വീട്ടിൽ നിന്ന് പുക ഉയർന്നാൽ സംശയം തോന്നാതിരിക്കാൻ ഉടമസ്ഥനോട് പറഞ്ഞത് അൽഫാം കഥ; സ്ഫോടന സമയത്ത് ഡൊമനിക്കിന്റെ കുടുംബവും കൺവെൻഷൻ സെന്ററിനുള്ളിൽ: മാർട്ടിൻ വന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് കുടുംബം...

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ ദുബായിൽ നിന്ന് അവധിയ്ക്ക് നാട്ടിൽ എത്തിയത് ഒരു മാസം മുമ്പെന്ന് കുടുംബം. കടവന്ത്ര സ്വദേശിയായ മാർട്ടിൻ തമ്മനത്ത് വാടക വീട്ടില്‍ താമസം തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതോടെയാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചതത്രെ. മകന്‍ വിദേശത്താണുള്ളത്. സൗമ്യനായ മനുഷ്യനെന്നാണ് മാർട്ടിനെക്കുറിച്ച് അയൽവാസികൾ പറയുന്നത്.
ഇരുനില വീടിന് മുകളിലത്തെ നിലയിലാണ് ഡൊമിനിക് മാര്‍ട്ടിനും കുടുംബവും താമസിക്കുന്നത്. വാടക കൃത്യമായി തരാറുണ്ടെന്ന് വീട്ടുടമ ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു അടുപ്പ് മാര്‍ട്ടിന്‍ വാങ്ങിയിരുന്നു. അൽഫാം ഉണ്ടാക്കാനാണ് അടുപ്പ് വാങ്ങിയതെന്നും, വീടിന് മുകളിൽ പുക ഉയർന്നാൽ തീയിട്ടതാണെന്ന് പേടിക്കരുതെന്നും, ഇനി പുക കാണാന്‍ സാധ്യതയുണ്ടെന്നും ഒന്നും കരുതരുതെന്നും മാര്‍ട്ടിന്‍ പറഞ്ഞതായി ജലീൽ പ്രതികരിച്ചു.
സ്‌ഫോടനം നടത്തിയ മാര്‍ട്ടിന്‍ ഭാവഭേദമില്ലാതെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കൺവെൻഷൻ സെന്ററില്‍ ഐ.ഇ.ഡി. സ്ഥാപിച്ചശേഷം സ്‌റ്റേജിന്റെ പിന്നിലെത്തിയ ശേഷമാണു റിമോട്ട് ഉപയോഗിച്ച് ഇയാള്‍ സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ സ്‌കൂട്ടറില്‍ ഹൈവേയിലെത്തി തൃശൂര്‍ ഭാഗത്തേക്ക് ഇയാള്‍ പോകുകയായിരുന്നു.
എന്നാൽ സ്ഫോടന സമയത്ത് ഡൊമനിക്കിന്റെ കുടുംബവും കൺവെൻഷൻ സെന്ററിനുള്ളിൽ ഉണ്ടായിരുന്നു. എന്നാൽ മാർട്ടിൻ വന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് കുടുംബം പോലീസിന് നൽകിയ മൊഴി. പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വച്ചതെന്ന് ഡൊമനിക് മൊഴി നൽകിയിട്ടുണ്ട്. സ്ഫോടനത്തിന് ശേഷം മാർട്ടിൻ സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിച്ചുവരുത്തും.
ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ തറവാട് വീട്ടിന്റെ ടെറസിൽ വച്ച് ബോംബ് തയ്യാറാക്കിയ ശേഷം മാർട്ടിൻ ഇത് പരീക്ഷിച്ച് നോക്കിയിരുന്നില്ല. ശരിയായി പ്രവർത്തിക്കും എന്ന ആത്മവിശ്വാസം ഇയാൾക്കുണ്ടായിരുന്നു എന്നാണ് സൂചന. ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്.
ഡൊമിനിക് മാർട്ടിൻ ഹാജരാക്കിയ ഓരോ തെളിവുകളും പോലീസ് കൃത്യമായി പരിശോധിക്കുന്നുണ്ട്. പലകടകളിൽ നിന്നായിട്ടാണ് സ്ഫോടവസ്തുക്കൾ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നൽകിയതായാണ് വിവരം. കൃത്യം താൻ ഒറ്റക്ക് തന്നെ ചെയ്തു എന്നാണ് മാർട്ടിൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ആദ്യഘട്ടത്തിൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. എല്ലാവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇയാൾക്കൊപ്പം വേറെ ആരെങ്കിലും സ്ഥലത്ത് എത്തിയോ, മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്ന വിവരങ്ങളൊന്നും തന്നെ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് ഈ വശങ്ങളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഒട്ടനവധി വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ബോംബ് പൊട്ടിയതിന് ശേഷം ഇയാൾ സ്കൂട്ടറിൽ ഇവിടെ നിന്ന് കടന്ന് കളയുകയായിരുന്നു.
ഇവിടെ നിന്ന് നേരെ ചാലക്കുടിയിലേക്കായിരുന്നു ഇയാൾ പോയത്. ചാലക്കുടിയിൽ എത്തിയ ഇയാൾ മുറിയെടുത്ത ശേഷം വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഓരോന്നിന്റെയും തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്.
ഇതുവരെ ഇയാൾ പറഞ്ഞ കാര്യങ്ങളൊക്കെ പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം. അതേ സമയം പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരിയും ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങി ഇതോടെ മൂന്നുപേരാണ് സംഭവത്തിൽ മരിച്ചത്. പന്ത്രണ്ടുകാരിയുടെ അമ്മയും സഹോദരനും ഗുരുതരവസ്ഥയിലാണ്.
https://www.facebook.com/Malayalivartha





















