മുഖ്യമന്ത്രി കളമശ്ശേരിയില്‍; സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു... ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു...പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജിലും സന്ദര്‍ശനം നടത്തി...

മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തി. മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, പി. രാജീവ്, വീണാ ജോര്‍ജ്, ഹൈബി ഈഡന്‍ എം.പി., സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.സ്‌ഫോടനം നടന്ന സ്ഥലത്തെ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രിയും സംഘവും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജിലും സന്ദര്‍ശനം നടത്തി. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മറ്റ് ആശുപത്രികളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് (തിങ്കളാഴ്ച) മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു.
ജീവന്‍ കൊടുത്തും കേരളത്തിന്റെ സമാധാനവും സാഹോദര്യവും നിലനിര്‍ത്തുമെന്ന പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു.കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം അവസാനിച്ചു. സർവ്വകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം...സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു.
അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്ന് ഈ യോഗം വ്യക്തമാക്കുന്നു.പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും എന്ന് ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താനും അതിലൂടെ ജനസമൂഹത്തെ ആകെചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുൻകൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണം. എല്ലാ ജാതി-മത വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്.
ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിൽക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസ്സിലാക്കണമെന്ന് ഈ യോഗം വിലയിരുത്തുന്നു. ഈ ചിന്ത സമൂഹത്തിലാകെ പടർത്താൻ പ്രതിബദ്ധമായ ശ്രമങ്ങൾക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർത്ഥിക്കുന്നു.
ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജനങ്ങളോടാകെ അഭ്യർത്ഥിക്കുന്നു.അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടർത്തലിലും പെട്ടുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് ഈ യോഗം അഭ്യർത്ഥിക്കുന്നു...
https://www.facebook.com/Malayalivartha





















