വളപട്ടണത്തെ വരിഞ്ഞ് മുറുക്കി പെരുമ്പാമ്പുകള്‍;കുട്ടികളെ പോലും പുറത്തിറക്കാനാകാതെ വലഞ്ഞ് ഒരു ഗ്രാമം,വനപാലകരെത്തി പിടിച്ചു കൊണ്ടുപോയവ തിരിച്ചെത്തുന്നു,വിദ്യാലയങ്ങളിലേക്ക് പോകാന്‍ പോലും പേടിച്ച് കുട്ടികള്‍,പിടുത്തം കിട്ടിയാല്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിക്കും

പെരുമ്പാമ്പ് ശല്യത്തില്‍ പൊറുതിമുട്ടുകയാണ് കണ്ണൂര്‍ വളപട്ടണത്തുകാര്‍. വീടുകളിലും കളിസ്ഥലങ്ങളിലുമെല്ലാം പാമ്പുകള്‍ എത്തുന്നു. രണ്ട് മാസത്തിനിടെ പത്തോളം പാമ്പുകളെയാണ് ജനവാസ മേഖലയില്‍ നിന്നും പിടിച്ചത്. വനപാലകരെത്തി പിടിച്ചു കൊണ്ടുപോയവ തിരിച്ചെത്തുന്നുവെന്നാണ് പരാതി. പെരുമ്പാമ്പ് പെരുകിയ വളപട്ടണത്ത് നാട്ടുകാര്‍ ഏറെയും പാമ്പുപിടിത്തക്കാരായി മാറിയിരിക്കയാണ് . മുമ്പൊക്കെ പെരുമ്പാമ്പിനെ കാണുമ്പോള്‍ പിടികൂടാന്‍ ചിറക്കലില്‍നിന്നും പാപ്പിനിശ്ശേരിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത് കാത്തിരിക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ നാട്ടുകാര്‍ തന്നെ പിടികൂടി ചാക്കിലാക്കി വനം ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയാണ്. ആറുമാസത്തിനിടെ 20ഓളം പെരുമ്പാമ്പുകളെയാണ് വളപട്ടണം പരിസരങ്ങളില്‍നിന്ന് പിടികൂടിയത്. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച രാവിലെ തങ്ങള്‍ വയലിലെ വ്യവസായി ടി.വി. അബ്ദുല്‍ മജീദ് ഹാജിയുടെ വീട്ടുവളപ്പില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. മുന്‍ പഞ്ചായത്ത് അംഗം സി. ഹനീഫയാണ് പാമ്പിനെ പിടികൂടിയത്. ഒരാഴ്ച മുമ്പ് വളപട്ടണം പെട്രോള്‍ പമ്പില്‍ 'പാമ്പുപിടിത്തം' നടത്തിയ ആളുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴുത്തില്‍ വരിഞ്ഞുമുറുക്കി, ജീവനുതന്നെ ഭീഷണിയായ പാമ്പിനെ എടുത്തുമാറ്റി ഇയാളെ രക്ഷിച്ചത് പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ഇതരസംസ്ഥാനക്കാരനാണ്. വീടുകളിലും ഇടവഴികളിലുമെല്ലാം പാമ്പ് എത്തി. ജനസാന്ദ്രതയേറെയുള്ള പ്രദേശത്ത് പാമ്പുകള്‍ പെരുകിയതോടെ ചെറിയ കുട്ടികളെയും മറ്റും വിദ്യാലയങ്ങളിലേക്ക് വിടുന്ന രക്ഷിതാക്കള്‍ ഭീതിയിലാണ്.
'എമ്മാതിരി പാമ്പ്! പുറത്തിറങ്ങാനൊക്കെ പേടിയാണ്. ജനലൊക്കെ അടച്ചിടുകയാണ്. അടുക്കള വാതില്‍ തുറക്കാറേ ഇല്ല' പ്രദേശവാസിയായ ഫാത്തിമ പറഞ്ഞു. പാമ്പ് നിറഞ്ഞതോടെ സുരക്ഷയൊരുക്കാന്‍ പലവഴി തേടുകയാണിവര്‍. എവിടെ നിന്നാണ് വളപട്ടണത്ത് മാത്രം ഇത്ര പാമ്പുകള്‍ എന്നറിയാതെ കുഴയുന്ന പ്രദേശ വാസികള്‍. പ്രളയത്തില്‍ ഒഴുകിയെത്തിയ പാമ്പുകള്‍ പെറ്റുപെരുകി വര്‍ധിച്ചതായിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യേഗസ്ഥര്‍ പറയുന്നത്. വളപട്ടണത്തെ കോട്ടയുടെ ഇരുഭാഗങ്ങളിലും കളരിവാതുക്കല്‍ ക്ഷേത്രപരിസരം, മന്ന ഖബര്‍സ്ഥാന്‍, തങ്ങള്‍ വയല്‍ എന്നിവയുടെ പരിസരങ്ങളിലാണ് പെരുമ്പാമ്പ് ശല്യം കൂടുതല്‍. ഖബര്‍സ്ഥാന്‍ 15 ഏക്കറും കളരിവാതുക്കല്‍ ക്ഷേത്ര പരിസരം 30 ഏക്കറും വ്യാപിച്ചുകിടക്കുകയാണ്. കൂടാതെ പുഴയുടെ ഇരുകരകളിലും വ്യാപിച്ചുകിടക്കുന്ന കണ്ടല്‍ക്കാടുകളുമുണ്ട്. പാമ്പുകള്‍ക്ക് പെറ്റുപെരുകാന്‍ പറ്റിയ സാഹചര്യമാണുള്ളത്. പാമ്പിന് പുറമെ ഉടുമ്പുകളും മുള്ളന്‍ പന്നികളും പെരുകിയിട്ടുണ്ടെന്നും വനംവകുപ്പ് അടക്കമുള്ള അധികൃതര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകനായ കെ.പി. അദീബ് റഹ്മാന്‍ പറഞ്ഞു.
ഫൈബര്‍ ഫോം പോലെ പൂട്ടികിടക്കുന്ന നിരവധി സ്ഥാപനങ്ങളാണ് വളപട്ടണത്തുളളത്. ഇത്തരം ഒഴിഞ്ഞ ഇടങ്ങളില്‍ നിന്നാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്കെത്തുന്നത് എന്നാണ് പ്രദേശവാസികളുടെ പരാതി. പാമ്പ് ശല്യം വനം വകുപ്പ് ഗൗരവത്തിലെടുക്കണമെന്നാണ് വളപട്ടണത്തുകാരുടെ ആവശ്യം. നേരത്തെ തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളില്‍ പെരുമ്പാമ്പ് ശല്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാഴ്ച കൊണ്ട് വനം വകുപ്പ് പിടികൂടിയത് പത്തോളം പെരുമ്പാമ്പുകളെയാണ്. തുടര്‍ച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിലായിരുന്നു പാമ്പ് ശല്യം. നെയ്യാറിലും കരമനയാറിലും മലവെള്ളം ഇറങ്ങിയതോടെയാണ് പെരുമ്പാമ്പ് ശല്യം കൂടിയത്. വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ചിലെ ആര്‍ ആര്‍ ടി റോഷ്‌നിയാണ് പാമ്പുകളെ പിടികൂടിയത്. കരമനയാറില്‍ കാണാതായ ആളിനായി തെരച്ചില്‍ നടത്തുനിന്നതിനിടെ പെരുമ്പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുകയുണ്ടായി. ആര്യനാട് പമ്പ് ഹൗസിനു സമീപം ഈറകള്‍ക്കിടയില്‍ വലിയ പാമ്പിനെ കണ്ടെന്നാണ് സംഘം പറഞ്ഞത്.
https://www.facebook.com/Malayalivartha





















