കേരളീയം 2023... ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും; കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്; ചടങ്ങില്‍ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങള്‍, വ്യവസായപ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും

കേരളീയം 2023 എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതവര്‍ഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയേണ്ടതുണ്ട്. സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. സെമിനാറുകള്‍ നവംബര്‍ രണ്ട് മുതല്‍ ആറു വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്.
ഓണ്‍ലൈന്‍ - ഓഫ്ലൈന്‍ രീതികള്‍ സംയോജിപ്പിച്ചു നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ-അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും.
വേദികള്‍ ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിക്കുതിനൊപ്പം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്‍ണ്ടാകും സെമിനാറുകള്‍ നടത്തുക . എല്ലാ സെമിനാറുകളും ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനൊപ്പം ആംഗ്യ ഭാഷയില്‍ തര്‍ജ്ജമയും ചെയ്യുന്നതാണ്. കേരളീയം വെബ്‌സൈറ്റില്‍ സെമിനാറുകള്‍ സംബന്ധിച്ച തിയതി, സമയം, വേദി ,വിഷയം, പ്രഭാഷകരുടെ വിവരങ്ങള്‍, ഓരോ സെമിനാറിന്റെയും കോണ്‍സെപ്റ്റ് നോട്ടുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാണ്.
കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവല്‍ക്കരിക്കുന്ന 25 പ്രദര്‍ശനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കനകക്കുന്ന്, ടാഗോര്‍ തീയറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ്, അയ്യന്‍കാളി ഹാള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം എന്നീ വേദികളിലാണ് ഈ എക്‌സിബിഷനുകള്‍ ഒരുങ്ങുന്നത്. കേരളത്തിലെ പ്രശസ്തരായ ശില്‍പ്പികള്‍ ഒരുക്കുന്ന 25 ഓളം ഇന്‍സ്റ്റലേഷനുകള്‍ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഉയരും. കൂടാതെ കേരളീയത്തിന്റെ ബ്രാന്‍ഡിംഗ് ഡിസൈന്‍ ഏകോപിപ്പിക്കുന്നതും, കേരളത്തിന്റെ പൊതു സ്മാരകങ്ങള്‍ പ്രദര്‍ശന സങ്കേതങ്ങള്‍ എന്നിവ അന്തര്‍ദേശീയ ധാരയില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ റിയാസ് കോമു തയ്യാറാക്കുന്ന ആര്‍ട്ട് ഡോക്യുമെറ്റേഷനും എക്‌സിബിഷന്റെ ഭാഗമാണ്.
30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും. 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. 8 വേദികളിലായാണ് ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. 425 സംരംഭകരാണ് പങ്കെടുക്കുന്നത്. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ സംരംഭങ്ങളുടെ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. 200 ലധികം ബയേഴ്‌സ് പങ്കെടുക്കും.മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി, കേരളത്തിന്റെ തനത് രുചികള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ 150 ലധികം സ്റ്റാളുകള്‍ സജ്ജീകരിക്കുന്നു. കൂടാതെ, ഫുഡ് ഷോ, ഫുഡ് ബ്രാന്‍ഡിംഗ്, പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പനയും എന്നിവയുമുണ്ടാകും.
യൂണിവേഴ്‌സിറ്റി കോളേജ് മുതല്‍ വാന്റോസ് ജംഗ്ഷന്‍ വരെ ഒരുക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ ഈ ഏഴ് ദിവസം നൈറ്റ് ലൈഫിന്റെ കൂടി ഭാഗമാകും. ഫുഡ് ഫെസ്റ്റിവലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്നത് ദേശീയ അന്തര്‍ദേശീയ തലത്തിലും കേരളത്തിലും പ്രശസ്തരായ ഫുഡ് വ്‌ളോഗേഴ്‌സ് ആണ്.
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക്കാഴ്ചകളാല്‍ കനകക്കുന്നില്‍ വിവിധ സെല്‍ഫി പോയിന്റുകളും ഉണ്ട്. ടാഗോര്‍ തിയറ്ററില്‍ മൂണ്‍ ലൈറ്റുകള്‍ നിലാനടത്തത്തിന് വഴിയൊരുക്കും. മ്യൂസിയത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും.
ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും പബ്‌ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വര്‍ധിപ്പിച്ച് പുനരുദ്ധരിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദര്‍ശനം മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.
ആറുവേദികളിലായി പുഷ്‌പോത്സവം സംഘടിപ്പിക്കും. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലാണ് പുഷ്‌പോത്സവം.നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളില്‍ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇന്‍സ്റ്റലേഷനുകളും ഉണ്ടാകും.
തിരുവനന്തപുരം സിറ്റി പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ 4 സോണുകളായി തിരിച്ച് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍, 250 ലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, 400 ലധികം സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.പ്രധാനവേദികളില്‍ ആരോഗ്യവകുപ്പിന്റെയും, ഫയര്‍ ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയും, ആംബുലന്‍സിന്റെയും സേവനം വിവിധ ഭാഗങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.
കനകക്കുന്നിലും, പുത്തരിക്കണ്ടത്തും 2 സ്‌പെഷ്യല്‍ പോലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. പത്ത് എയ്ഡ് പോസ്റ്റ്/സബ് കണ്‍ട്രോള്‍ റൂം കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















