കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നാം തീയതി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കക്കും കോമറിൻ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ / വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീന ഫലമായിട്ടാണ് കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളത്.
അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. നവംബർ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട് . മൂന്നാം തീയതി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് .
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് ഈ കാര്യമറിയിച്ചിരിക്കുന്നത്. തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
https://www.facebook.com/Malayalivartha





















