കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും... ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക... യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്..

കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ലഭ്യമായ തെളിവുകൾ വെച്ച് പ്രതി ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. എങ്കിലും എല്ലാ സാധ്യതകളും അന്വേഷിക്കും.
കൂടുതൽ പേരുടെ പങ്കാളിത്തം ഇതുവരെ കണ്ടെത്താനായിലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിയുടെ വിദേശ ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ പരിശോധന തുടരുകയാണ്. അന്വേഷണം എൻ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ആഭ്യന്തര വകുപ്പിൽ നിന്ന് ഉണ്ടാകും.
പ്രതി താനെന്ന് മാർട്ടിൻ ഉറപ്പിക്കുമ്പോഴും പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും അത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 17 വർഷമായി യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയിൽ അംഗമായിരുന്ന മാർട്ടിൻ ആറുവർഷമായി ഇവരിൽനിന്നകന്നുവെന്നാണ് പറയുന്നത്. കൃത്യം നടത്തിയശേഷം താനാണ് അതുചെയ്തതെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ അപ്പാടെ വിശ്വസിക്കാൻ അന്വേഷണ ഏജൻസികൾ തയ്യാറായിട്ടില്ല. മാർട്ടിന്റെ ഒറ്റബുദ്ധിയാണോ അതോ മറ്റാരെങ്കിലും നിയന്ത്രിച്ചതാണോയെന്ന സംശയമാണ് ഉയരുന്നത്.
നിലവിൽ ദുബായിലെ നിർമ്മാണക്കമ്പനിയിൽ ഫോർമാനായി ജോലിചെയ്യുകയായിരുന്നു ഇയാൾ. ഒന്നരമാസംമുമ്പാണ് നാട്ടിലെത്തിയത്. ദുബായിലുള്ള ഇയാളുടെ ബന്ധങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഇയാളുടെ സാമൂഹികമാധ്യമങ്ങളിലെ ബന്ധങ്ങളും അന്വേഷണപരിധിയിലുണ്ട്.
ബോംബ് സ്‌ഫോടനത്തിനുശേഷമുള്ള മാർട്ടിന്റെ വെളിപ്പെടുത്തലുകളും വീഡിയോതെളിവുകൾ നിരത്തിയുള്ള ഏറ്റുപറച്ചിലിലും അസ്വാഭാവികതയുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. അന്വേഷണം മറ്റൊരിടത്തേക്കും വഴിതിരിഞ്ഞുപോകരുതെന്ന നിർബന്ധബുദ്ധി മാർട്ടിനുണ്ടായിരുന്നോ? എന്നതും സംശയമായി നിൽക്കുന്നു. തീവ്രസംഘടനകൾപോലും പലതവണ ശ്രമം നടത്തി പരാജയപ്പെട്ട ഐ.ഇ.ഡി. ബോംബ് മാർട്ടിൻ എങ്ങനെ തനിയെ പ്രവർത്തിപ്പിച്ച് സ്‌ഫോടനമുണ്ടാക്കി എന്നതും സംശയകരമായി നിലനിൽക്കുന്ന കാര്യമാണ്. ഇതേക്കുറിച്ചെല്ലാം വ്യക്തമാകാൻ കൂടുതൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് എൻഐഎയുടെ പക്ഷം.
അതേസമയം, കളമശേരിയിൽ കൺവൻഷൻ സെന്ററിൽ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ആകെ 21 പേരാണെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 16 പേർ ഐസിയുവിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാർഡിലേക്ക് മാറ്റിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടർമാരും നല്ല അർപ്പണ ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ബന്ധുക്കളെയും കളമശേരി മെഡിക്കൽ കോളേജ്, കാക്കനാട് സൺറൈസ് ആശുപത്രി, പാലാരിവട്ടം മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha





















