കളമശ്ശേരി സ്‌ഫോടന പരമ്പര കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി....മാര്‍ട്ടിന്‍ താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഫ്‌ലാറ്റില്‍ എത്തിച്ചാണ് തെളിവിവെടുപ്പ് നടത്തിയത്, രാവിലെ വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ഫ്‌ലാറ്റില്‍ എത്തിച്ചത്

കളമശ്ശേരി സ്‌ഫോടന പരമ്പര കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മാര്‍ട്ടിന്‍ താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഫ്‌ലാറ്റില്‍ എത്തിച്ചാണ് തെളിവിവെടുപ്പ് നടത്തിയത്.
രാവിലെ വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ഫ്‌ലാറ്റില്‍ എത്തിച്ചത്. ഇന്നലെയാണ് യു.എ.പി.എ, സ്‌ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗൗരവതരമായ വകുപ്പുകള്‍ ചുമത്തി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്‌ഫോടനം നടത്താനായി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് അങ്കമാലിക്കടുത്ത് അത്താണിയിലെ സ്വന്തം ഫ്‌ലാറ്റില്‍ വെച്ചെന്നാണ് പൊലീസ് നിഗമനത്തിലുള്ളത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്റെ അവസാന ദിവസമായ ഞായറാഴ്ച പുലര്‍ച്ച അഞ്ചിനാണ് ഇയാള്‍ സ്‌കൂട്ടറില്‍ തമ്മനത്തെ വാടകവീട്ടില്‍ നിന്ന് ഇറങ്ങിയത്. 5.40ന് അത്താണിയിലെത്തി ഫ്‌ലാറ്റിന്റെ ടെറസ്സിലിരുന്ന് ബോംബ് നിര്‍മിച്ചെന്നാണ് വിവരം.
ഇതുമായി സ്‌കൂട്ടറില്‍ രാവിലെ ഏഴിന് കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തുകയും 7.10ന് ഹാളിന് മധ്യഭാഗത്തെ കസേരകള്‍ക്കിടയില്‍ ബോംബ് വെക്കുകയും 9.30ന് ഹാളിനു പിറകിലെത്തി റിമോട്ട് അമര്‍ത്തി സ്ഫോടനം നടത്തുകയുമായിരുന്നു. ബോംബിനൊപ്പം കസേരക്കടിയില്‍ പെട്രോളും വെച്ചു. ബോംബ് പൊട്ടിയതിനു പിന്നാലെ പെട്രോളിലേക്ക് തീപടര്‍ന്നതാണ് പലര്‍ക്കും ഗുരുതര പൊള്ളലേല്‍ക്കാന്‍ ഇടയാക്കിയത്.
കളമശ്ശേരി സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച രാവിലെ 9.30ഓടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ബോംബ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തുതന്നെ ഒരു സ്ത്രീ മരിച്ചിരുന്നു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍വീട്ടില്‍ ലിയോണ പൗലോസാണ് (55) മരിച്ചതെന്ന് രാത്രി വൈകി തിരിച്ചറിഞ്ഞു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ വാടകക്ക് താമസിക്കുന്ന കുമാരിയും (53) വൈകീട്ടോടെ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ച 12.40നാണ് പന്ത്രണ്ടുകാരിയായ മലയാറ്റൂര്‍ കടവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിനയുടെ മരണം സ്ഥിരീകരിച്ചത്.
സംഭവത്തില്‍ 60ഓളം പേര്‍ക്കാണ് പരിക്കേറ്റത്. 21 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 16 പേര്‍ ഐ.സി.യുവിലാണ്. ഇതില്‍ മൂന്ന് പേരുടെ നില അതിഗുരുതരമാണ്.
"
https://www.facebook.com/Malayalivartha





















