തലസ്ഥാനം ഏഴു ദിനരാത്രങ്ങള്‍ ഉത്സവലഹരിയില്‍.... തലസ്ഥാനത്തെ വൈവിദ്ധ്യങ്ങളുടെ ഉത്സവത്തിലേക്ക് കൂട്ടുന്ന കേരളീയം മഹോത്സവത്തിന് ഇന്ന് മിഴിതുറക്കും...രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള 42 വേദികളിലാണ് കേരളീയം നടക്കുന്നത്

ഏഴു ദിനരാത്രങ്ങള്‍ തലസ്ഥാനത്തെ വൈവിദ്ധ്യങ്ങളുടെ ഉത്സവത്തിലേക്ക് കൂട്ടുന്ന കേരളീയം മഹോത്സവത്തിന് ഇന്ന് മിഴിതുറക്കും. രാവിലെ 10ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷനാകും. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശോഭന, മഞ്ജു വാര്യര്‍ എന്നിവര്‍ പങ്കെടുക്കും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള 42 വേദികളിലാണ് കേരളീയം നടക്കുന്നത്.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആമുഖ പ്രഭാഷണവും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ബ്രോഷര്‍ പ്രകാശനവും നിര്‍വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു റിപ്പോര്‍ട്ട് അവതരിപ്പിക്കും.യു.എ.ഇ അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണ കൊറിയ അംബാസഡര്‍ ചാങ് ജെ. ബോക്, ക്യൂബന്‍ എംബസി മലേന റോജാസ് മെദീന നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്റ്റെനര്‍ എന്നിവരും വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യവിദഗ്ദ്ധന്‍ ഡോ. എം.വി. പിള്ള എന്നിവരും സാന്നിദ്ധ്യമാകും. വൈദ്യുത ദീപാലങ്കാരം, ചലച്ചിത്ര മേള, ബി 2 ബി മീറ്റ് എന്നിവയും നടക്കും.
അഞ്ച് വേദികളിലായി നവകേരളത്തിന്റെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനുള്ള 25 സെമിനാറുകള്‍ നടക്കും. കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ പുരോഗതിയും ഭാവി ലക്ഷ്യങ്ങളും സെമിനാറില്‍ ചര്‍ച്ചയാകും.
ഇരുനൂറിലധികം ദേശീയ, അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും.എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. 30 വേദികളിലായി 300 ലധികം കലാപരിപാടികള്‍ നടക്കും. മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി കേരളത്തിന്റെ തനത് രുചികളുള്‍പ്പെടുത്തി ഫുഡ് ഫെസ്റ്റിവലും നടക്കും.
4,100 കലാകാരന്മാര്‍ പങ്കെടുക്കും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍, ഫ്‌ളവര്‍ഷോ തുടങ്ങിയ പരിപാടികള്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കും. എട്ട് വേദികളിലായുള്ള ട്രേഡ് ഫെയറുകളില്‍ 425 സംരംഭകര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha





















