ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും

തലശ്ശേരിയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും. ലോറിഡ്രൈവറായ ഇരിവേരി മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസില്‍ കെ.സി. അരുണിനെ (43) ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.
വലിയന്നൂര്‍ ബിജിനാലയത്തില്‍ പി.കെ. ബിജിനയാണ് (26) കൊല്ലപ്പെട്ടത്. ബിജിനയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും മൂന്നുമാസം പ്രായമായ ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ നാലുമാസംകൂടി തടവ് അനുഭവിക്കേണ്ടതാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ ഹാജരായി.പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച രാവിലെ വിധിച്ച കോടതി ഉച്ചയ്ക്കുശേഷമാണ് ശിക്ഷിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിനും ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിനും പ്രതിയെ പ്രത്യേകം ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















