അയാൾ ഒറ്റയ്ക്കല്ല...! സ്ഫോടനത്തിന് ഉപയോഗിച്ചത് യൂട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്ന തരം ബോംബല്ലെന്ന് കേന്ദ്ര ഏജൻസികൾ, ആദ്യ ശ്രമത്തിൽ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്ന് വിലയിരുത്തൽ

കളമശേരിയിലുണ്ടായ സ്ഫോടനത്തിൽ കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഇത് താനാണ് ചെയ്തതെന്ന് കുറ്റം ഏറ്റ് പറഞ്ഞ ഡോമിനിക്ക് മാർട്ടിൻ എന്ന വ്യക്തി പോലീസിന് മുന്നിൽ കീഴടങ്ങിയപ്പോൾ ഇതിന്റെ ആക്കം കൂടി. ഒറ്റക്ക് ഒരാൾക്ക് ഇത്തരത്തിൽ ഒരു സ്ഫോടനം നടത്താൻ കഴിയുമോ എന്നായിരുന്നു ഉയർന്നുവന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന്. ഇതിൽ വ്യക്തതവരുത്താൻ തന്നെയാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസികൾ ശ്രമം നടത്തുന്നത്.
സ്ഫോടനത്തിന് ഉപയോഗിച്ചത് താൻ സ്വയം യൂട്യൂബ് നോക്കി പഠിച്ച് നിർമ്മിച്ച ബോംബാണെന്നാണ് മാർട്ടിന്റെ വാദം. ദേശീയപാതയോട് ചേർന്നുള്ള ഫ്ലാറ്റിന്റെ ടെറസിൽ വച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ യൂട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്ന തരം ബോംബല്ല ഇതെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നു. ആദ്യ ശ്രമത്തിൽത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തൽ. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
അതുപോലെ ഡൊമിനിക് മാർട്ടിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴി ദേശീയ അന്വേഷണ ഏജൻസികൾ വീണ്ടുമെടുക്കും. ഡൊമിനിക് ഉപയോഗിച്ച മോബൈൽ ഫോണുകളും, ഇ-മെയിൽ വിവരങ്ങളും വിശദമായി പരിശോധിക്കും. തെളിവായി ലഭിച്ച ഇലട്രോണിക്ക് ഡിവൈസുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിടാനും അന്വേഷണ സംഘം തീരുമാനിച്ചു. സ്ഫോടനം നടന്ന ദിവസം സാമ്ര കൺവെൻഷൻ സെൻ്ററിനും പരിസരത്തിനും സമീപം വന്ന് പോയ ഫോൺ വിളികളുടെ വിവരങ്ങളും വിശദമായി പരിശോധിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പ്രതി ഡൊമിനിക് മാർട്ടിനെ നവംബർ 29 വരെ റിമാൻഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ കേസ് ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ല. തിരിച്ചറിയൽ പരേഡിന് അനുമതി തേടി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
https://www.facebook.com/Malayalivartha





















