അഭിഭാഷകന്റെ സഹായം വേണ്ട സ്വന്തം നിലയ്ക്ക് കേസ് വാദിക്കാം കോടതിയെ ഞെട്ടിച്ച് മാർട്ടിൻ..!ബോംബ് നിർമ്മിച്ചത് മാർട്ടിൻ തനിച്ച് അന്ന് രാത്രി മാർട്ടിൻ ഭാര്യയുടെ ഫോണിൽ അയച്ച വോയിസ് മെസ്സേജ് പോലീസ് പിടിച്ചെടുത്തു

കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാൻഡിൽ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്.
എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മാർട്ടിനെ റിമാൻഡ് ചെയ്തത്. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാർട്ടിൻ കോടതിയെ അറിയിച്ചു. മാർട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു. തിരിച്ചറിയൽ പരേഡിനു ശേഷം പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
ബോംബ് നിർമ്മിച്ചത് മാർട്ടിൻ തനിച്ചാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. അത്താണിയിലെ വീട്ടിൽ വച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. അത്താണിയിലെ മാർട്ടിന്റെ ഫ്‌ളാറ്റിലും സ്ഫോടനം നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലുമടക്കം മാർട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നെടുമ്പാശേരിയിലെ മാർ അത്തനേഷ്യസ് ഹൈസ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് മാർട്ടിന്റെ ഫ്‌ളാറ്റ്.
ഞായറാഴ്ച കളമശേരി സാമ്ര കൺവൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിലാണ് മാർട്ടിൻ ബോംബ് പൊട്ടിച്ചത്. ദേശീയപാതയോട് ചേർന്ന അത്താണിയിലെ ഇയാളുടെ വീട്ടിലാണ് ഇന്ന് രാവിലെ ഏഴ് മുതൽ തെളിവെടുപ്പ് നടന്നത്. വീട്ടിൽ നിന്നും ബോംബ് നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങളും പെട്രോൾ വാങ്ങാൻ ഉപയോഗിച്ച കുപ്പിയും കണ്ടെത്തി. വീടിന്റെ ടെറസിൽ ഇരുന്നാണ് ഇയാൾ ബോംബ് നിർമ്മിച്ചത്.
രാവിലെ 9.40-നാണ് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ എത്തിച്ചത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഇതിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് എറണാകുളം ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച ബോംബ് സ്ഫോടനം നടത്തുന്നതിന് മുമ്പുള്ള പല ദിവസങ്ങളിലും ഇയാൾ അത്താണിയിലെ തറവാട്ടുവീട്ടിൽ വന്നുപോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 10 വർഷമായി ഡൊമിനിക് മാർട്ടിന്റെ ഈ വീട്ടിൽ കാക്കനാട്ടെ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരായിട്ടുള്ള ചെറുപ്പക്കാരാണ് താമസിക്കുന്നത്. കെട്ടിടത്തിൽ ഒരു മുറി മാർട്ടിനായി ഒഴിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയിന്റ് പണി നടക്കുന്നതിനാൽ ഇയാൾ ഇവിടെ വന്നു പോയിട്ടും പരിസരവാസികൾക്ക് സംശയമൊന്നും തോന്നിയില്ല. ബോംബ് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ പല തവണകളായി എത്തിച്ച് ഇവിടെയായിരുന്നു ഡൊമിനിക് സൂക്ഷിച്ചിരുന്നത്.
സംഭവ ദിവസം പുലർച്ചെ 4.45ന് തമ്മനത്തെ വീട്ടിൽനിന്നും ഇറങ്ങിയ ഇയാൾ 5.45 ഓടെ അത്താണിയിലെ വീട്ടിലെത്തി. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് ബോംബ് നിർമ്മിച്ചത്. അതിനുശേഷം ബോംബുകൾ രണ്ടു സഞ്ചികളിലാക്കി കളമശേരിയിലെ കൺവൻഷൻ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോംബ് സ്ഫോടനം നടത്തിയശേഷം തിരിച്ച് ഈ വീട്ടിലെത്തിയ പ്രതി അഞ്ചുമിനിറ്റോളം ഇവിടെ ചെലവഴിച്ചതായും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഹോട്ടലിൽ നിന്ന് ലൈവ് വീഡിയോ ഇട്ടത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മാർട്ടിന്റെ ഭാര്യമാതാവും കുടുംബവും പ്രാർത്ഥനയ്ക്കായി കൺവെൻഷൻ സെന്ററിൽ എത്തിയിരുന്നു. അമ്മയെ പ്രാർത്ഥന കേന്ദ്രത്തിലേക്ക് അയക്കരുത് എന്ന് പറയാൻ രാവിലെ ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവിൽ എല്ലാം ദൈവഹിതം പോലെ നടക്കട്ടെ എന്ന് വോയിസ് മെസ്സേജ് അയച്ചു. കേസിന്റെ തുടർ അന്വേഷണത്തിന് വിശദമായ പദ്ധതി അന്വേഷണസംഘം തയ്യാറാക്കി.
https://www.facebook.com/Malayalivartha





















