ഇടുക്കി മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള അംഗീകാരം റദ്ദാക്കി

ഇടുക്കി മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പഠനത്തിനായുള്ള അംഗീകാരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. നവംബര്‍ രണ്ടിനു കൗണ്‍സില്‍ പ്രതിനിധികള്‍ നടത്തിയ പരിശോധനയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഉറപ്പു നല്‍കിയെങ്കിലും പാലിക്കാത്ത സാഹചര്യത്തിലാണിത്. വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് ഉറപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കു പ്രവേശനാനുമതി നല്‍കിയത്. എന്നാല്‍, പുതിയ കെട്ടിടം നിര്‍മ്മിക്കാതെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
താത്ക്കാലിക സംവിധാനങ്ങള്‍ പോരെന്നു മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞു. അഞ്ചു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ തീവ്രപരിചരണ വിഭാഗം ആരംഭിക്കണം. കെട്ടിടവും മുറികളുമില്ലാത്തതിനാല്‍ അത്യാഹിത വിഭാഗവും തുടങ്ങിയില്ല. പ്രധാനപ്പെട്ട 21 ഇന സൗകര്യങ്ങളുടെ കുറവാണ് അനുമതി തടയാന്‍ കാരണമായി രേഖാമൂലം ഐ.എം.സി. അറിയിച്ചത്. ആദ്യ രണ്ടുവര്‍ഷവും തിയറി ക്ലാസുകള്‍ ആയിരുന്നതിനാല്‍ പഠിപ്പിക്കാന്‍ അധ്യാപകരും 50 കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ ക്ലാസ് മുറികളും ഉണ്ടെങ്കില്‍ അനുമതി കിട്ടുമായിരുന്നു. മൂന്നാം വര്‍ഷം മുതല്‍ ക്ലിനിക്കല്‍ പരിശീലനത്തിന് അവസരമുണ്ടാകണം. ഇതിനുള്ള സൗകര്യം ഇല്ലാത്തതാണ് അനുമതി റദ്ദാക്കാന്‍ കാരണം.
അധ്യാപകരുടെയും നഴ്‌സുമാരുടെയും കുറവുണ്ട്. 74.67 ശതമാനം അധ്യാപകരുടെ കുറവാണുള്ളത്. 175 സ്റ്റാഫ് നഴ്‌സുമാര്‍ വേണ്ടിടത്തു 43 പേര്‍ മാത്രമാണുള്ളത്. 100 പാരാ മെഡിക്കല്‍ സ്റ്റാഫ് വേണ്ട സ്ഥാനത്ത് 63 പേര്‍ മാത്രം. 101 ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിനോട് അനുബന്ധമായി താമസിച്ചു ജോലി ചെയ്യണമെന്ന് വ്യവസ്ഥയുണ്ടായിരിക്കേ എട്ടുപേര്‍ മാത്രമാണുള്ളത്. 92.19 ശതമാനം പേരുടെ കുറവുണ്ടെന്ന് ഐ.എം.സി. ചൂണ്ടിക്കാട്ടി. 259 ബെഡുകള്‍ പഠനത്തിനായി വിട്ടു നല്‍കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും 41 ബെഡുകളാണു വിട്ടുനല്‍കിയത്. 168 ബെഡിന്റെ കുറവുണ്ട്. മെഡിക്കല്‍ കോളജ് തുടങ്ങാന്‍ 300 ബെഡ് വേണമെന്നാണു നിയമം.
രണ്ട് എക്‌സ്‌റേ യൂണിറ്റുകളുടെ അഭാവം, പരിശോധനാ മുറികളുടെ കുറവ്, ലാബോറട്ടറിയില്‍ പരിശോധകരുടെ കുറവ്, നാല് ഓപ്പറേഷന്‍ തിയേറ്ററിന്റെ കുറവ്, മൈനര്‍ തിയറ്ററിന്റെ അഭാവം, സെന്‍ട്രല്‍ ലൈബ്രറി, ലക്ചറര്‍ തിയേറ്റര്‍, സെന്‍ട്രല്‍ ഫോട്ടോഗ്രാഫി സെക്ഷന്‍, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ തുടങ്ങിയവ ഇല്ലാത്തതും തിരിച്ചടിയായി. രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രദേശവാസികളും സമരത്തിനുള്ള ഒരുക്കത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























