കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് ഇന്നു പുറപ്പെടും

ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ നിന്ന് കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ ഇന്നു പുറപ്പെടും. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ശ്രീസിറ്റിയിലെ അല്‍സ്‌റ്റോം പ്ലാന്റില്‍ നടക്കുന്ന ചടങ്ങില്‍ കോച്ചുകള്‍ കയറ്റിയ ട്രെയ്‌ലര്‍ ലോറികളുടെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. രാവിലെ 11നു നടക്കുന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എംപി, എംഎല്‍എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഡിഎംആര്‍സി എംഡി മങ്കു സിങ്, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്‌റ്റോം ട്രാന്‍സ്‌പോര്‍ട്‌സ് ഇന്ത്യ എംഡി ഭരത് സല്‍ഹോത്ര തുടങ്ങിയവര്‍ പങ്കെടുക്കും. കോച്ചുകളുടെ നിര്‍മാണം ഒന്‍പതു മാസം കൊണ്ടാണു പൂര്‍ത്തിയാക്കിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു ഫ്രഞ്ച് കമ്പനിയായ ആല്‍സ്‌റ്റോം തദ്ദേശീയമായി ലഭ്യമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെ ഇവ നിര്‍മിക്കുന്നത്. കൊച്ചിക്കു ലഭിക്കുന്നത് രാജ്യത്തു നിലവില്‍ ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള കോച്ചുകളാണു .
ശ്രീ സിറ്റിയില്‍ നിന്നും കൊച്ചിയില്‍ പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ ട്രെയിനിന്റെ മൂന്നു കോച്ചുകളാണു പുറപ്പെടുന്നത്. ഈ മാസം പത്തിനു രാത്രിയോടെ പുറപ്പെടുന്ന ട്രെയിലറുകള്‍ കൊച്ചിയിലെത്തും. ഗതാഗത തടസ്സം ഉണ്ടാക്കാതിരിക്കാന്‍ സേലം, കോയമ്പത്തൂര്‍ വഴി വരുന്ന ട്രെയ്‌ലറുകള്‍ രാത്രി മാത്രമാണ് യാത്ര.
മുട്ടം മെട്രോ യാഡില്‍ എത്തിക്കുന്ന കോച്ചുകള്‍ ഇന്‍സ്‌പെക്ഷന്‍ ബേയില്‍ ഇറക്കി കൂട്ടി യോജിപ്പിക്കും. 23നു ടെസ്റ്റ് ട്രാക്കിലേക്കു മാറ്റുന്ന ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം നടത്തും. ടെസ്റ്റ് ട്രാക്കിന്റെ നീളം 900 മീറ്ററാണു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 23നു നടക്കുന്ന പരീക്ഷണ ഓട്ടം ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യമായി അന്നാണു ജനങ്ങള്‍ക്ക് കൊച്ചി മെട്രോ ട്രെയിന്‍ കാണാന്‍ കഴിയുക. എല്ലാ സംവിധാനങ്ങളോടും കൂടിയുള്ള ട്രെയിനിന്റെ പരീക്ഷണ ഓട്ടമായിരിക്കും ഇത്. അടുത്തമാസമാണ് തൂണുകള്‍ക്കു മുകളിലുള്ള ട്രാക്കിലൂടെ പരീക്ഷണ ഓട്ടം നടത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























