ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍

സുഹൃത്തുക്കളായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പുതുവല്‍സര ദിനത്തില്‍ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ മുതിരക്കലായി മേത്തല്‍ മനോജിന്റെ മകന്‍ ബിനോജ് (15), മുരുകനാട് മാമിയില്‍ മേത്തല്‍ പരതേനായ പ്രഭാകരന്റെ മകന്‍ അതുല്‍കൃഷ്ണ (15) എന്നിവരുടെ മൃതദേഹങ്ങള്‍ പന്തീരാങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള പറമ്പിലെ കിണറ്റിലാണു കണ്ടെത്തിയത്. മുള്ളുകമ്പി കൊണ്ടു ചുറ്റുവേലി കെട്ടി അടച്ചുപൂട്ടിയ പറമ്പാണിത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സുഹൃത്തുക്കളായ അഞ്ചു പേരെ പുതുവത്സരത്തലേന്നു രാത്രി ചിലര്‍ ഇടവഴിയിലൂടെ ഓടിച്ചു വിട്ടിരുന്നെന്നും ചിതറി ഓടിയ രണ്ടുപേരെ കാണാനില്ലെന്നും ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. കിണറ്റില്‍ ചെരുപ്പ് പൊങ്ങിക്കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നു നല്ലളം പൊലീസ് സ്ഥലത്തെത്തി.
പഞ്ചായത്ത് വാര്‍ഡ് അംഗം മഠത്തില്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹങ്ങള്‍ പന്തീരാങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.
മരിച്ച ബിനോജിന്റെ അമ്മ റീന. സഹോദരങ്ങള്‍: റിനോജ്, ഷിനോജ്. അതുല്‍കൃഷ്ണയുടെ അമ്മ ഷൈലജ, സഹോദരി പരേതയായ അശ്വതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























