പ്ലീനത്തില്‍ പിടിച്ച് പിണറായിക്കെതിരെ വി.എസ്; സെക്രട്ടറിമാര്‍ അല്ലാത്ത പി.ബി അംഗങ്ങള്‍ കേന്ദ്രത്തിലേക്ക് മാറണമെന്ന നിര്‍ദ്ദേശം പിണറായിക്ക് വിനയാകും

സംഘടനാ പ്ലീനത്തിനു പിന്നാലെ സംസ്ഥാനത്ത് സി.പി.എമ്മിലെ അധികാരത്തര്‍ക്കങ്ങള്‍ക്ക് പുതിയ മുഖം കൈവരുന്നു. അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെയും, ഇടതുമുന്നണിയെയും നയിക്കുന്നത് പിണറായി വിജയനാണെന്ന പൊതുധാരണയില്‍ ഔദ്യോഗിക പക്ഷം കരുക്കള്‍ നീക്കുന്നതിനിടെയാണ് പി.ബിയില്‍ നിന്നുള്ള ചില നീക്കങ്ങള്‍ പിണറായിക്ക് തിരിച്ചടിയായിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിമാര്‍ ഒഴികെയുള്ള പി.ബി. അംഗങ്ങള്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തികകണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്ലീനത്തില്‍ ഈ വിഷയം ഉന്നയിച്ച ബംഗാളിലെ അംഗം ലക്ഷ്യമിട്ടത് മുന്‍ സെക്രട്ടറി കൂടിയായ ബിമന്‍ ബസുവിനെയായിരുന്നെങ്കിലും അതിന്റെ പ്രതിഫലനമുണ്ടാകുക കേരളത്തില്‍ പിണറായി വിജയനാണ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പി.ബി അംഗമായ പിണറായി ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്ന ആവശ്യം ഉയര്‍ത്താനാണ് വി.എസ് വിഭാഗം ഇപ്പോള്‍ ആലോചിക്കുന്നത്. പിന്നീട് ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ പിണറായി വിജയനെ പരിഗണിക്കണമെന്നും ഇവര്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം നടത്തുന്ന നവകേരള യാത്രക്ക് നേതൃത്വം നല്‍കുന്നത് പിണറായി വിജയനാണ്. മുന്‍കാലങ്ങളിലുണ്ടായിരുന്ന കീഴ്‌വഴക്കം മറികടന്ന് നിലവില്‍ പി.ബി.അംഗം മാത്രമായ പിണറായിയെ ജാഥാ ക്യാപ്റ്റനായി അവരോധിച്ചതിന് പിന്നില്‍ അടുത്ത തെരഞ്ഞെടുപ്പിലെ നേതാവാരെന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമായിരുന്നു. വി.എസ് ഇനി മത്സരിക്കില്ല എന്ന തരത്തില്‍ ഔദ്യോഗിക പക്ഷം പ്രചരണവും തുടങ്ങിയിരുന്നു. തന്നോട് അഭിപ്രായം പോലും ചോദിക്കതെ ജാഥയെയും, ക്യാപ്റ്റനെയും തെരഞ്ഞെടുത്തതിലുള്ള അതൃപ്തി വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സമിതി എടുത്ത തീരുമാനം തിരുത്താനാവില്ല എന്ന നിലപാടാണ് യെച്ചൂരി കൈക്കൊണ്ടത്. എന്നിരുന്നാലും എല്ലാക്കാലത്തും തന്റെ വിശ്വസ്തനായ വി.എസിനെ പൂര്‍ണ്ണമായി കൈവിടാനും അദ്ദേഹം തയ്യാറായില്ല. അതുകൊണ്ടുതന്നെ സീതാറാം യെച്ചൂരിയുടെ അടവുനയത്തിന്റെ ഭാഗമാണോ പുതിയ നീക്കമെന്നാണ് പിണറായി പക്ഷത്തിന്റെ സംശയം. പിണറായിയുടെ പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റുകയും, അതുവഴി സംസഥാനത്തെ നേതൃത്വം അച്യുതാനന്ദന് ഉറപ്പിക്കുന്നതിനും ഈ തീരുമാനത്തിന് കഴിയും. ഈ വിഷയങ്ങളിലെല്ലാം വി.എസ് സ്വീകരിച്ച മൗനം ജനറല്‍ സെക്രട്ടറിയുടെ ഉറപ്പിന്റെ ബലത്തിലായിരുന്നുവോ എന്ന സംശയവും ഔദ്യോഗിക പക്ഷത്തിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























