അടൂര്‍ പീഡനം: പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു

അടൂരില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ടു മാനഭംഗപ്പെടുത്തിയ സംഭവം തുടക്കത്തില്‍ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടെന്നും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും ദക്ഷിണമേഖലാ ഐ.ജി. മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ട്. ഡി.ജി.പി: ടി.പി. സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടൂര്‍ മുന്‍ ഡിവൈ.എസ്.പി: എ. നസീം, സി.ഐ: എം.ജി. സാബു എന്നിവര്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് പറയുന്നു. ഇവര്‍ക്കെതിരേ അടിയന്തര അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശുപാര്‍ശയുമുണ്ട്. കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണു സൂചന. കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ഡിവൈ.എസ്.പി: എ. നസീം പലതവണ ശ്രമിച്ചെന്നും ഇതിനായി സി.ഐ: എം.ജി. സാബുവിനെ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എട്ടു പ്രതികളില്‍ ഒരാളെ പിടികൂടിയശേഷം വിട്ടയച്ച സംഭവം വരെയുണ്ടായി.
ഡിവൈ.എസ്.പിയുടെ നിര്‍ദേശമനുസരിച്ചാണ് ഒരു പ്രതിയെ വിട്ടയച്ചതെന്ന് എം.ജി. സാബു മൊഴി നല്‍കിയിരുന്നു. മേലുദ്യോഗസ്ഥന്റെ തെറ്റായ നിര്‍ദേശം അനുസരിച്ചത് പോലീസിന്റെ അന്തസിനെ ബാധിച്ചെന്നും കേസിലെ നിര്‍ണായക കണ്ണിയായ പ്രതിയെ വിട്ടയച്ചാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നു സി.ഐക്ക് അറിയാമായിരുന്നെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം നാല്, അഞ്ച് തീയതികളിലാണ് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ എട്ടംഗസംഘം പീഡനത്തിന് ഇരയാക്കിയത്. സൗഹൃദം നടിച്ച് ഇവരെ വീടുകളില്‍ നിന്നു കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും കൂടുതല്‍ പേര്‍ ചേര്‍ന്നു പീഡിപ്പിക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചത് വിവാദമായതോടെ നസീമിനെ അന്വേഷണച്ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും അടൂര്‍ ഡിവൈ.എസ്.പി. സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. കൊട്ടാരക്കര, തിരുവല്ല ഡിവൈ.എസ്.പിമാരാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























