ഭാവഭേദങ്ങളൊന്നുമില്ലാതെ.... പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ആള്‍ക്കൂട്ടവിചാരണയ്ക്ക് ഇരയായി ആത്മഹത്യചെയ്ത കേസിലെ ആസൂത്രകന്‍ സിന്‍ജോ ജോണ്‍സണ്‍ ഹോസ്റ്റലിലെ തെളിവെടുപ്പിനെത്തിയത് യാതൊരു കൂസലുമില്ലാതെ....
ഭാവഭേദങ്ങളൊന്നുമില്ലാതെ.... പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ആള്‍ക്കൂട്ടവിചാരണയ്ക്ക് ഇരയായി ആത്മഹത്യചെയ്ത കേസിലെ ആസൂത്രകന്‍ സിന്‍ജോ ജോണ്‍സണ്‍ ഹോസ്റ്റലിലെ തെളിവെടുപ്പിനെത്തിയത് യാതൊരു കൂസലുമില്ലാതെ....
പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഭാവഭേദങ്ങളൊന്നുമില്ലാതെ മറുപടിനല്‍കി.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് കല്പറ്റ ഡിവൈ.എസ്.പി. ടി.എന്‍. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സിന്‍ജോയുമായി തെളിവെടുപ്പിനെത്തിയത്. ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലായിരുന്നു ആദ്യ തെളിവെടുപ്പ്. സിദ്ധാര്‍ഥനെ മര്‍ദ്ദിക്കാനുപയോഗിച്ച ഗ്ലൂഗണിന്റെ വയര്‍ മുറിയിലെ കട്ടിലിനടിയില്‍നിന്ന് സിന്‍ജോ എടുത്തുനല്‍കി.
ആള്‍ക്കൂട്ടവിചാരണ നടത്തിയ ഹോസ്റ്റല്‍ നടുമുറ്റവും സിന്‍ജോ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. ശേഷം സിന്‍ജോ താമസിച്ചിരുന്ന 36-ാം നമ്പര്‍ മുറിയിലേക്കാണ് സംഘം പോയത്. മുറിയില്‍നിന്ന് കണ്ടെത്തിയ കറുപ്പുനിറമുള്ള റബ്ബര്‍ചെരുപ്പുകള്‍ തന്റേതാണെന്ന് സിന്‍ജോ സമ്മതിച്ചു. ചെരുപ്പിന്റെ അളവുള്‍പ്പെടെ രേഖപ്പെടുത്തേണ്ടതിനാലും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതിനാലും സിന്‍ജോയുടെ മുറിയില്‍ കൂടുതല്‍സമയം ചെലവഴിച്ചു. ഫോട്ടോകള്‍ എടുത്തപ്പോഴും സിന്‍ജോയ്ക്ക് ഭാവവ്യത്യാസമുണ്ടായില്ല.
തെളിവെടുപ്പിനുശേഷമുള്ള മടക്കയാത്രയില്‍ സിദ്ധാര്‍ഥന്‍ താമസിച്ചിരുന്ന മുറിയും അന്വേഷണസംഘത്തിന് സിന്‍ജോ കാണിച്ചുകൊടുത്തു. കേസിലെ പ്രതിയും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുമായ അമല്‍ ഇസ്ഹാന്‍ താമസിച്ചിരുന്നത് 21-ാം നമ്പര്‍ മുറിയിലാണ്. ഈ മുറിയില്‍വെച്ചാണ് കഴിഞ്ഞ 16-ന് സിന്‍ജോയും അമല്‍ ഇസ്ഹാനും ചേര്‍ന്ന് സിദ്ധാര്‍ഥനെ ചോദ്യംചെയ്തതത്. തുടര്‍ന്നാണ് ഹോസ്റ്റല്‍ നടുമുറ്റത്തുവെച്ച് ആള്‍ക്കൂട്ടവിചാരണ നടത്തിയത്.
അതേസമയം പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കൊലപാതകസാധ്യത പരിശോധിക്കണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥന്‍ ആത്മഹത്യചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.
ശരീരത്തിലെ പരിക്കുകള്‍ ഇതിനെ സാധൂകരിക്കുന്നതാണെന്നും പരാതിയിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം നടത്തി കൊലപാതകസാധ്യതയെപ്പറ്റി വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരണമെന്ന് അന്വേഷണസംഘം കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് (മൂന്ന്)കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha