കാശി മഠാധിപതി സ്വാമി സുധീന്ദ്രതീര്‍ത്ഥ അന്തരിച്ചു

ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും കാശി മഠാധിപതിയുമായ സ്വാമി സുധീന്ദ്രതീര്‍ത്ഥ(90) അന്തരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ ഹരിദ്വാറിലായിരുന്നു അന്ത്യം. രോഗബാധിതനായിരുന്ന അദ്ദേഹം മുംബൈയിലെ അന്ധേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഹരിദ്വാറിലെ വ്യാസാശ്രമത്തിലേക്ക് കൊണ്ടു പോയത്. മുംബൈയില്‍ നിന്ന് എയര്‍ ആംബുലന്‍സിലായിരുന്നു യാത്ര.
ഏഴ് പതിറ്റാണ്ട് കാലത്തോളം രാജ്യത്തെ ഗൗഡ സാരസ്വത സമൂഹത്തെ ആത്മീയ മാര്‍ഗത്തിലൂടെ നയിച്ച ആചാര്യനായിരുന്നു സ്വാമി സുധീന്ദ്രതീര്‍ത്ഥ. കാശിമഠം സന്യാസി പരമ്പരയില്‍ ഏറ്റവുമധികം കാലം ആചാര്യ സ്ഥാനത്തിരുന്ന സ്വാമി സ്ത്രീധനം, ജാതിഭേദം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അതേസമയം ആചാരാനുഷ്ഠാനങ്ങളില്‍ നിഷ്‌കര്‍ഷത പുലര്‍ത്തുകയും ചെയ്തു.
1926 മാര്‍ച്ച് 31ന് എറണാകുളത്ത് ജനിച്ച അദ്ദേഹം ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് കാശി മഠാധിപതിയായിരുന്ന സ്വാമി സുകൃതീന്ദ്ര സ്വാമിയുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. 1949ലാണ് അദ്ദേഹം കാശിമഠാധിപതിയായി സ്ഥാനം ഏറ്റെടുത്തത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നിരവധി സ്ഥാപനങ്ങള്‍ ആരംഭിച്ച സ്വാമി സുധീന്ദ്രതീര്‍ത്ഥയുടെ ആശിര്‍വാദത്തോടെയാണ് കേരള ഗൗഡസാരസ്വത ബ്രാഹ്മണ മഹാസഭ രൂപമെടുത്തത്. 2002ല്‍ സംയമീന്ദ്ര തീര്‍ത്ഥയെ അദ്ദേഹം ശിഷ്യനായി തെരഞ്ഞെടുത്തിരുന്നു. വൈകിട്ട് ഹരിദ്വാറിലെ കാശിമഠത്തിലായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























