11 കെവി സബ്‌സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം: തലനാരിഴയ്ക്ക് പിഞ്ചുകുഞ്ഞ് രക്ഷപെട്ടു

മുളവുകാട് 11 കെവി സബ്‌സ്‌റ്റേഷനില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വളരെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സബ്‌സ്‌റ്റേഷന് എതിര്‍വശത്തുള്ള ചക്കാലക്കല്‍ വീട്ടില്‍ ഷിമിയുടെ മകള്‍ അമേലിയയാണു ഈ വന്‍ അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്കു 11 മണിയോടെയാണു സബ് സ്‌റ്റേഷനിലെ സര്‍ക്യൂട്ട് ബ്രേക്കര്‍ (വൈദ്യുതി ലൈനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ താനെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന ഉപകരണം) പൊട്ടിത്തെറിച്ചത്. 20 മീറ്റര്‍ മാത്രം അകലെയുള്ള വീടിന്റെ അകത്തെ മുറിയിലേക്കാണ് ഇതിന്റെ ഒരു ഭാഗം വന്നു വീഴുകയായിരുന്നു. അലമാരയുടെ കണ്ണാടിയില്‍ തട്ടി തീഗോളം കട്ടിലിന്റെ ഒരു വശത്തു വീഴുകയായിരുന്നു. തീപ്പൊരി ദേഹത്തു വീണു കുഞ്ഞു കരഞ്ഞതോടെ അമ്മ ഷിമി മകളെ എടുത്തു പുറത്തേക്ക് ഓടി.
കുഞ്ഞിനെ എടുത്തു മാറ്റിയതിനു പിന്നാലെ മുറിയില്‍ തീ പടര്‍ന്നുപിടിച്ചു. കനത്ത പുകയുയര്‍ന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അമേലിയ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. മുറിയില്‍ നിന്നു സാധനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷിമിയുടെ സഹോദരന്‍ ജോസഫ് ഷൈന് (22) പൊള്ളലേറ്റു. ഇടതു കയ്യിലും മുഖത്തും പൊള്ളലേറ്റ യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും കംപ്യൂട്ടറും കത്തിനശിച്ചു.
സംഭവം നടക്കുമ്പോള്‍ ഷിമിയും മകളും ഷൈനുമാണ് വീട്ടിലുണ്ടായിരുന്നത്. സബ് സ്‌റ്റേഷനിലെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് സഹോദരങ്ങള്‍ വരാന്തയിലേക്ക് ഇറങ്ങിയപ്പോഴാണു വീടിനുള്ളില്‍ തീഗോളം പതിച്ചത്.
നാട്ടുകാര്‍ വളരെ ബുദ്ധിമുട്ടിയാണ് തീ കെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ഷിമിയുടെ പിതാവ് വര്‍ഗീസ് സാബുവും അമ്മ മേരിയും പുറത്തു പോയിരിക്കുകയായിരുന്നു. വീടിന്റെ ചുമരിലും മേല്‍ത്തട്ടിലും വിള്ളല്‍ വീണിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























