സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷം ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങും...

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പുനരാരംഭിക്കുമ്പോൾ സോണാര്‍ പരിശോധന അടക്കം നടത്തി വിശദമായ തിരച്ചിൽ നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും വിശദമായ പരിശോധന. സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക. നദിയിലെ ജലനിരപ്പ് താഴ്ന്നതിനൊപ്പം കുത്തൊഴുക്കിനും കുറവുണ്ടെന്നാണ് നാവികസേന നടത്തിയ പരിശോധനയില്‍ വ്യക്തമായത്.
ഇന്നലെ വൈകുന്നേരം ഉത്തര കന്നട ജില്ലാ കളക്ടര്‍, എസ് പി, നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അതിനിടെ അർജുനെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്ക് വെച്ച് സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും രംഗത്ത് എത്തി. പുഴയിലെ കുത്തൊഴുക്ക് മൂന്ന് നോട്ടിലെക്ക് താഴ്ന്നിട്ടുണ്ടെന്നും ജലനിരപ്പിലും വലിയ കുറവുണ്ടെന്നുമാണ് അധികൃതർ തങ്ങളോട് പറഞ്ഞതെന്ന് ജിതിൻ പറഞ്ഞു. നാവിക സേന ഒമ്പത് മണിയോടെ എത്തുമെന്നും സോണാർ പരിശോധന നടത്തി സ്കൂബ ഡൈവിങ് നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചതായും ജിതിൻ വ്യക്തമാക്കി. നേരത്തെ പുഴയിലെ കുത്തൊഴുക്ക് ആറ് നോട്ടിലും കൂടുതലായിരുന്നതിനാൽ പുഴയിലിറങ്ങിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
ഗംഗാവലിയിൽ ജലനിരപ്പ് നന്നേ കുറഞ്ഞ് പത്തോളം മൺതിട്ടകൾ കാണാൻ പറ്റുന്നുണ്ടെന്നും മഴ ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അർജുനെ കണ്ടെത്താൻ ഇത് ഒരു ഗോൾഡൻ ചാൻസാണെന്നും ജിതിൻ പറഞ്ഞു. ന്യൂന മർദ്ദ പാത്തി രൂപപെടുന്നതിന് മുന്നേയും പശ്ചിമ ഘട്ടത്തിൽ മഴ പെയ്തു തുടങ്ങുന്നതിന് മുന്നേയും പരിശോധന പൂർത്തിയാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ക്രെയ്നും സോണാർ ഉപകരണങ്ങളും മാത്രമുപ്രയോഗിച്ച് തിരച്ചിൽ നടത്തുന്നത് ശ്രമകരമാണെന്നും ഡ്രഡ്ജർ അടക്കമുള്ള നൂതന സംവിധാനങ്ങൾ കൊണ്ട് വന്ന് രക്ഷാപ്രവർത്തനം എളുപ്പമാക്കണെമെന്നാണ് അർജുന്റെ സഹോദരിയുടെ ആവശ്യം. സംഭവം നടന്നിട്ട് ഒരു മാസം കഴിയുമ്പോൾ തിരച്ചിൽ ഇനി എങ്ങനെയാവും എന്നതിൽ ആശങ്കയുണ്ടെന്നും അർജുന്റെ സഹോദരി പറഞ്ഞു.
തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നതോടെ കഴിഞ്ഞ ദിവസം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് ജിതിൻ പ്രതികരിച്ചിരുന്നത്. താൻ ഷിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎല്‍എയെയും കാണുമെന്നും ജിതിൻ പറഞ്ഞിരുന്നു. ഇനിയും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അര്‍ജുന്റെ ഭാര്യയും അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം.ഇനിയും ഈ അനാസ്ഥ കണ്ടുനില്‍ക്കാനാകില്ല.
രണ്ട് നോട്ടിന്റെയും മൂന്ന് നോട്ടിന്റെയും കാരണം പറഞ്ഞ് തെരച്ചിൽ വൈകിപ്പിക്കുകാണ്. ഈശ്വര്‍ മല്‍പെയെ ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ല. അദ്ദേഹം സ്വമേധയാ തെരച്ചില്‍ നടത്താൻ സന്നദ്ധനായി വന്നിട്ടും ജില്ലാ ഭരണകൂടമോ പൊലീസോ അനുമതി നല്‍കുന്നില്ല. കാലാവസ്ഥ അനുകൂലമാണിപ്പോള്‍. അടിയൊഴുക്കും കുറഞ്ഞു. എന്നിട്ടും ഈശ്വര്‍ മല്‍പെയെ ഗംഗാവലി പുഴയില്‍ ഇറങ്ങാൻ സമ്മതിക്കുന്നില്ല. എന്തുകൊണ്ടാണ് ജില്ലാ ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് മനസിലാകുന്നില്ല. അര്ജുന് പകരം വെറെ ഏതേലും മന്ത്രി പുത്രന്മാര് ആരെങ്കിലും ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകില്ല.
ഇന്നലെ വൈകിട്ട് വരെ ജലനിരപ്പ് ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരുന്നു. പുഴയില്‍ തെരച്ചില്‍ നടത്താതെയാണ് നേരത്തെ തെരച്ചില്‍ നിര്‍ത്തിയത്.ഡ്രച്ചര്‍ കൊണ്ടുവരാനുള്ള നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. കഴിഞ്ഞ നാലു ദിവസമായി മഴയില്ലെന്ന് പറഞ്ഞിട്ടും കാലാവസ്ഥ അനുകൂലമല്ലെന്ന് എങ്ങനെയാണ് ഉപമുഖ്യമന്ത്രി പറയുന്നതെന്ന് മനസിലാകുന്നില്ല. നാല് നോട്ട് ആയാല്‍ സേനയെ ഇറക്കാമെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നു രണ്ട് നോട്ട് ആയാലെ തെരച്ചില്‍ ആരംഭിക്കാനാകുവെന്ന്. പരസ്പരം യാതൊരു ഏകോപനുമില്ല. വൈരുധ്യമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ജിതിൻ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























