കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ...രാജസ്ഥാനിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്..., ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് രാജസ്ഥാനിലാണ്...
കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. രാജസ്ഥാനിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും ജലനിരപ്പ് 5 മുതൽ 6 അടി വരെ ഉയർന്നിട്ടുണ്ട്. ഇതോടെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ പോലും സാധിക്കാതെ വലയുകയാണ് സാധാരണജനം. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് രാജസ്ഥാനിലാണ്. രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു - ശനിയാഴ്ച രണ്ട്, ഞായറാഴ്ച 14. കരൗലി ജില്ലയിൽ ഞായറാഴ്ച 38 സെൻ്റീമീറ്റർ "അസാധാരണമായ കനത്ത മഴ" രേഖപ്പെടുത്തി.
പ്രധാന മാർക്കറ്റും മുനിസിപ്പൽ കൗൺസിൽ ഓഫീസും ഉൾപ്പെടെ ഹിന്ദൗണിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതായി കരൗലി ജില്ലയിലെ ബാധിത പ്രദേശത്ത് നിന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഹയർസെക്കൻഡറി സ്‌കൂളിനെയും വെള്ളംകയറി ബാധിച്ചിട്ടുണ്ട്.സ്ഥിതിഗതികൾ വിലയിരുത്താനോ അഭിസംബോധന ചെയ്യാനോ രാഷ്ട്രീയ പ്രതിനിധികളോ ഭരണ പ്രതിനിധികളോ എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ നിരാശ പ്രകടിപ്പിച്ചു.അതെ സമയം കേരളത്തിലും അതീവ ജാഗ്രത നിർദ്ദേശം ആണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് 10 ജില്ലകൾക്കാണ് അലർട്ട് നിലനിൽക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.ആഗസ്റ്റ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha