രണ്ട് ദിവസത്തിനുള്ളില്‍ മുകേഷ് രാജിവെച്ചില്ലെങ്കില്‍ എ കെ ജി സെന്ററിന് മുന്നില്‍ പ്രതിഷേധം; ആക്ടിവിസ്റ്റുകള്‍ ഇറങ്ങി

ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിച്ച് സര്‍ക്കാര്‍. മുകേഷിനെ രാജിവെപ്പിക്കാതെ കൂടെ നിര്‍ത്തുന്നതിലൂടെ എന്ത് മാതൃകയാണ് സിപിഎം കാണിക്കുന്നത്. ഇനിയും ഈ ആഭാസങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് സ്ത്രീകള്‍ അരങ്ങത്തിറങ്ങി പറയുന്നു. മുകേഷ് എം.എല്‍.എ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവര്‍ത്തനങ്ങള്‍ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടെന്നും അജിത വിമര്‍ശിച്ചു.
ആരോപണം ഉയര്‍ന്നാല്‍ പൊതുപ്രവര്‍ത്തകര്‍ സ്ഥാനങ്ങളില്‍നിന്ന് പുറത്തുപോകുന്ന കീഴ് വഴക്കം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ കേസ് തെളിഞ്ഞാല്‍ പുറത്തു പോകാമെന്നതാണ് കീഴ് വഴക്കം. അത് മാറ്റണം. ആരോപണം നേരിടുന്നവര്‍ പുറത്തുപോകണമെന്നും അജിത കോഴിക്കോട്ട് പറഞ്ഞു. മറ്റുപാര്‍ട്ടിക്കാര്‍ സ്ഥാനത്തു തുടര്‍ന്നല്ലോ എന്ന ന്യായീകരണം ഇടതുസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മ സി.പി.എം, സിപിഐ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അജിത വ്യക്തമാക്കി.
ഇതിനിടെ മുകേഷിന്റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. രാജി ആവശ്യം അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും. അതേസമയം, മുകേഷിന്റെ രാജിയെ ചൊല്ലി സിപിഎം സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളി. മുകേഷ് രാജി വയക്കണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു.
മുകേഷിന്റെ രാജിയില്‍ സിപിഎം സംസ്ഥാന നേതൃത്വം വെള്ളം കുടിക്കുമ്പോള്‍, രാജിയെന്ന ആവശ്യം ശക്തമാക്കുന്നില്ലെങ്കിലും പദവിയില്‍ തുടരുന്നതിലെ അതൃപ്തിയാണ് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ ബൃന്ദ കാരാട്ട് പരോക്ഷമായി സൂചിപ്പിക്കുന്നത്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തുടരുന്നല്ലോയെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കമുള്ളവരുടെ വാദത്തെ തള്ളുന്നതാണ് ലേഖനത്തിലെ പരാമര്‍ശം. നിങ്ങള്‍ അങ്ങനെ ചെയ്തതു, കൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്ന എന്ന വിധമുള്ള നിലപാടല്ല വേണ്ടതെന്നാണ് ബൃന്ദ തിരുത്തുന്നു. ഇരകള്‍ക്കെതിരെ പരാതി നല്കിയ നടപടിയേയും വിമര്‍ശിക്കുന്നുണ്ട്. കേസെടുത്തല്ലോ എന്ന് ഇന്നലെ പ്രതികരിച്ച പ്രകാശ് കാരാട്ട് കേരളത്തില്‍ പോയി ചോദിക്കൂയെന്നാണ് ഇന്ന് പറയുന്നത്.
അതേസമയം കേസെടുത്തതിന് തൊട്ടുപിന്നാലെ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ആനി രാജി സിപിഐ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. അതിലുള്ള കടുത്ത അതൃപ്തി നേതാക്കള്‍ പരസ്യമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാടും പറയും മുന്‍പ് ആനി രാജ പരസ്യ പ്രസ്താവന നടത്തിയതില്‍ സിപിഎമ്മിലും അമര്‍ഷമുണ്ട്. സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശം ആനി രാജക്ക് നേതാക്കള്‍ നല്‍കിയേക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























