ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാകും

ശബരിമല വീണ്ടും നിയമപോരാട്ടങ്ങളുടെ കേന്ദ്രമാകുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലെ തുടർനടപടികൾ ചർച്ചയാകുന്നതിനിടെ, ശബരിമലയിൽ ദർശനം നടത്താൻ അനുമതി തേടിയുള്ള ട്രാൻസ്‌ജെൻഡറുടെ ഹർജിയും നിയമവൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്. എന്നാൽ ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെത്തിയ പൊതുതാത്പര്യ ഹർജി കോടതി തള്ളി. ഹർജിക്കാരിക്ക് ആവശ്യമെങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് അംഗവും സെൽഫ് കോൺഫിഡൻസ് ട്രാൻസ്‌ജെൻഡേഴ്‌സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറുമായ അനുശ്രീയാണ് ഹർജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ശബരിമലയിൽ തടസ്സങ്ങളില്ലാതെ പ്രവേശിച്ച് അയ്യപ്പദർശനം നടത്താൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ ആവശ്യം ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേയെന്നും അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാകുമെന്നും കോടതി ചോദിച്ചു.
ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്നും അതിനാൽ വിഷയത്തിൽ ഇടപെടാനുള്ള അധികാരം കേരള ഹൈക്കോടതിക്കാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഈ ഹർജി മദ്രാസ് ഹൈക്കോടതി എങ്ങനെ പരിഗണിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ആവശ്യമെങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും സമാനമായ മറ്റൊരു ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി തള്ളിയത്.
2022 മുതൽ എല്ലാ വർഷവും ശബരിമലയിൽ ദർശനത്തിന് എത്താറുണ്ടെന്നാണ് അനുശ്രീ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മുൻവർഷങ്ങളിൽ രേഖകൾ പരിശോധിച്ചശേഷം ദർശനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ഇത്തവണ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തുവച്ച് തനിക്ക് പ്രവേശനം നിഷേധിച്ചെന്നാണ് ഹർജിക്കാരിയുടെ ആരോപണം. ഇതോടെയാണ് നിയമപരമായ ഇടപെടൽ തേടി കോടതിയെ സമീപിച്ചത്.
എന്നാൽ മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയതോടെ വിഷയം അവസാനിക്കുന്നില്ല. കേരള ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത ഹർജിക്കാരിക്ക് മുന്നിലുണ്ട്. സമാനമായ മറ്റൊരു ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന കോടതിയുടെ പരാമർശവും ഈ വിഷയത്തിന് പ്രാധാന്യം നൽകുന്നു.
അതേസമയം ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ സുപ്രീംകോടതി 9 അംഗ ഭരണഘടനാ ബെഞ്ച് ഡിസംബർ 18നകം വിധി പറഞ്ഞേക്കും. ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി ബി.വി. നാഗരത്നയാണ് ഇന്നലെ സൂചന നൽകിയത്. ശൈത്യകാല അവധിക്കായി ഡിസംബർ 18ന് സുപ്രീംകോടതി അടയ്‌ക്കും. അതിനു മുൻപ് വിധി പറഞ്ഞേക്കുമെന്നാണ് നാഗരത്ന പറഞ്ഞത്.
https://www.facebook.com/Malayalivartha























