പൂര്‍ണരൂപം ഹാജരാക്കണം... വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിത കമ്മീഷന്

നടന് സിദ്ദിഖ് മാധ്യമങ്ങളെ കണ്ടതിന്റെ പിറ്റേന്നാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചത്. അതിന് ശേഷം എല്ലാവരും കൂട്ട രാജി വച്ചു. പിന്നാലെ വിവാദങ്ങള്‍ക്കിടെ നടന് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹന്‍ലാല്‍ മാധ്യമങ്ങളുമായി സംസാരിക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. പുലര്‍ച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹന്‍ലാല്‍ തലസ്ഥാനത്ത് നാലോളം പരിപാടികളില്‍ ശനിയാഴ്ച പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന് മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കു വേണ്ടി ഒടുവില്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്.
സംഘടനയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നാലെ സിദ്ധീഖിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവെച്ചു. സംഘടനയിലെ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് താരസംഘടന അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. അമ്മ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഈ കൂട്ടരാജിയിലും അമ്മയില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുന്നത്.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നല്കിയ ലൈംഗികാതിക്രമ പരാതിയില്‍, പരാതിക്കാരന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. കൂടാതെ നടന് ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെയുള്ള തെളിവുകള്‍ കൈമാറി എന്ന് യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. അന്വേഷണ സംഘം ബാംഗ്ലൂരിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചതായി പരാതിക്കാരന് വ്യക്തമാക്കി. കൊച്ചിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പരാതിക്കാരായ ഇരുവരും മൊഴി നല്‍കിയത്.
അതേസമയം ഇടിത്തീയായി കേന്ദ്ര വനിത കമ്മീഷന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വളരെ സ്വാഗതാര്‍ഹമായ നീക്കമാണിതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പ്രതികരിച്ചു.
'കേരളത്തിലെ സിനിമ മേഖലയുള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ ചൂഷണമനുഭവിക്കുന്ന, ആക്രമണത്തിന് വിധേയരാകുന്ന എല്ലാ സ്ത്രീകള്‍ക്കും അവരെ ആരാണ് ദ്രോഹിച്ചത്, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഒരവസരമായിട്ടാണ് ഞങ്ങളിതിനെ കാണുന്നത്. ഇതാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് എന്ന നിലയില്‍ ഞങ്ങള്‍ പരാതി കൊടുത്തത്. എന്തായാലും ഒരാഴ്ചക്കകം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.'
'ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളല്ല. അല്ലാതെ തന്നെയുള്ള ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള കേസുകളും അറസ്റ്റുകളുമാണ് നടക്കുന്നത്. പോക്സോ അടക്കം, ഇതിനകത്തെ മസാല എലമെന്റ് മാറ്റിവെച്ചാല്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കടക്കം മലയാള സിനിമയില്‍ സ്വാധീനമുണ്ടെന്ന അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. അത് പൊതുസമൂഹത്തിന്റെ മുന്നിലേക്ക് വരേണ്ടതാണ്. എന്തിനാണ് പിണറായി വിജയന് സര്‍ക്കാര്‍ അത് പൂഴ്ത്തിവെച്ചിരിക്കുന്നതെന്നാണ് മനസിലാകാത്തത്.' സന്ദീപ് വാചസ്പതി പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























