താരമായി വക്കീലന്മാര്... മുകേഷിനെതിരായ കേസ്; നാളെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി മുകേഷ്; ഡിജിറ്റല്‍ തെളിവുകളടക്കം കൈമാറി

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ചില നടിമാര്‍ ആരോപണവുമായി രംഗത്തെത്തിയതോടെ സിനിമാക്കാര് കൊച്ചിയില്‍ വക്കീലന്മാരെ കാണാന്‍ കൂടോടെയിളകി. കേസില്‍ നിന്നും ഊരാന്‍ മുന്തിയ വക്കീലന്മാര്ക്ക് വലിയ കോളാണ്.
അതേസമയം നടനും എംഎല്‍എയുമായ മുകേഷ് പരാതിക്കാരിക്കെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം അഭിഭാഷകന് കൈമാറി. എംഎല്‍എ ബോഡ് അഴിച്ച് വച്ച് അതിരാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്. അതേസമയം മുകേഷ് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ പരാതി നല്കിയ ആലുവ സ്വദേശിനി കോടതിയില്‍ ഹാജരായി രഹസ്യമൊഴിയും നല്കി.
രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ് മുകേഷ് കൊച്ചിയിലെത്തിയത്. എംഎല്‍എ ബോര്‍ഡ് അഴിച്ച് വെച്ച് പൊലീസ് അകമ്പടിയോടെ ആയിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള മുകേഷിന്റെ യാത്ര. ഉച്ചയോടെ അഭിഭാഷകന്റെ വീട്ടിലെത്തിയ മുകേഷ് രണ്ട് മണിക്കൂര്‍ സമയം കൂടിക്കാഴ്ച നടത്തി.
പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍, ഇ മെയിലുകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന രണ്ടാം തിയതി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുകേഷ് ഹാജരാക്കും. 2009 ലാണ് പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്നത്. എന്നാല്‍ അതിന് ശേഷവും ഇവര്‍ തന്നോട് സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയിരുന്നു. കുടുംബകാര്യങ്ങളിലടക്കം ഇടപെട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാകും കോടതിയില്‍ മുകേഷിന്റെ വാദം.
കേസില്‍ പ്രതിയായ ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന വി എസ് ചന്ദ്രശേഖരന്റെയും അറസ്റ്റ് സെപ്റ്റംബര്‍ 3 വരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞു. മുകേഷ് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ മൊഴിനല്‍കിയ ആലുവ സ്വദേശിയായ പരാതിക്കാരിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്കി. ആരോപണങ്ങള്‍ ഉറച്ച് നില്ക്കുന്നതായി ആവര്‍ത്തിച്ചു.
പ്രത്യേക അന്വേഷണ സംഘവും ഓണ്‍ലൈനായി യോഗം ചേര്‍ന്ന് നടപടികള്‍ തീരുമാനിച്ചു. മുകേഷ്, ഇടവേള ബാബു, വി എസ് ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരായ ബലാത്സംഗ കേസുകള്‍ ഡിവൈഎസ്പിമാര്‍ ചുമതലയുള്ള പ്രത്യേക ടീമാകും അന്വേഷിക്കുക. ജയസൂര്യ, മണിയന്‍പിള്ള രാജു, നോബിള്‍ ജേക്കബ്, വിച്ചു എന്നിവര്‍ക്കെതിരായ കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും അന്വേഷിക്കും. അതേസമയം, മുകേഷിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്കി. ജഡ്ജിയുടെ സിപിഎം പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് മുന്‍ എംഎല്‍എയുടെ പരാതി.
അതേസമയം മുകേഷിന്റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. രാജി ആവശ്യം അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും.
അതേസമയം, മുകേഷിന്റെ രാജിയെ ചൊല്ലി സിപിഎം സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളി. മുകേഷ് രാജി വയക്കണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു.
മുകേഷിന്റെ രാജിയില്‍ സിപിഎം സംസ്ഥാന നേതൃത്വം വെള്ളം കുടിക്കുമ്പോള്‍, രാജിയെന്ന ആവശ്യം ശക്തമാക്കുന്നില്ലെങ്കിലും പദവിയില്‍ തുടരുന്നതിലെ അതൃപ്തിയാണ് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ ബൃന്ദ കാരാട്ട് പരോക്ഷമായി സൂചിപ്പിക്കുന്നത്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തുടരുന്നല്ലോയെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കമുള്ളവരുടെ വാദത്തെ തള്ളുന്നതാണ് ലേഖനത്തിലെ പരാമര്‍ശം. നിങ്ങള്‍ അങ്ങനെ ചെയ്തതു, കൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്ന എന്ന വിധമുള്ള നിലപാടല്ല വേണ്ടതെന്നാണ് ബൃന്ദ തിരുത്തുന്നു. ഇരകള്‍ക്കെതിരെ പരാതി നല്കിയ നടപടിയേയും വിമര്‍ശിക്കുന്നുണ്ട്. കേസെടുത്തല്ലോ എന്ന് പ്രതികരിച്ച പ്രകാശ് കാരാട്ട് കേരളത്തില്‍ പോയി ചോദിക്കൂയെന്നാണ് ഇപ്പോള്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























