അംഗത്വം പണ്ടേ പോയി... ആഷിഖ് അബുവിന് അംഗത്വം നഷ്ടമായിരുന്നതായി ഫെഫ്ക; സിനിമയില്‍ നിന്നു മോശം അനുഭവമുണ്ടായതായി 'വൈശാലി' നായിക

ഒരു വശത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടുകാര് രംഗത്തെത്തുകയാണ്. സംവിധായകന് ആഷിഖ് അബു സംഘടനയില്‍ നിന്നു രാജിവച്ചതില്‍ പ്രതികരണവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്. എട്ടു വര്‍ഷത്തെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാല്‍ ആഷിഖിനു നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നു. കുടിശികയായിരുന്ന 5000 രൂപ ഈ മാസം 12നാണ് അടച്ചത്.
അംഗത്വം പുതുക്കുന്നത് എക്സ്ക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെ രാജി വാര്‍ത്ത പ്രചരിച്ചത് വിചിത്രമാണെന്നും ഫെഫ്ക ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടച്ച തുക മടക്കിക്കൊടുക്കുമെന്നും അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചതായും ഫെഫ്ക വ്യക്തമാക്കി. നിര്‍മാതാവില്‍നിന്ന് കിട്ടാനുള്ള പ്രതിഫലത്തുക വാങ്ങിക്കൊടുത്തതിന്, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്ന സിബി മലയില്‍ കമ്മിഷന് ചോദിച്ചെന്ന ആഷിഖിന്റെ ആരോപണവും ഫെഫ്ക തള്ളി.
വ്യാജ ആരോപണങ്ങളാണ് സംവിധായകന് നടത്തുന്നതെന്നും ഈ കെട്ടിച്ചമച്ച ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിര്‍വീര്യമാക്കിയതാണെന്നും ഫെഫ്ക വ്യക്തമാക്കി. പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ്.വിജയന് എന്നിവരുടെ പേരിലാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
അതേസമയം മലയാള സിനിമാ മേഖലയില്‍നിന്നു തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു നടി സുപര്‍ണ ആനന്ദ്. വൈശാലി, ഞാന്‍ ഗന്ധര്വന് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നായികയാണു സുപര്‍ണ. പ്രശ്നങ്ങള്‍ക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ പറഞ്ഞു.
''സിനിമയില്‍ വനിതകള്‍ വലിയ പ്രയാസം നേരിടുന്നുണ്ട്. എനിക്കും മലയാള സിനിമയില്‍നിന്നു ദുരനുഭവമുണ്ടായി. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവമായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. പീഡനക്കേസില്‍ പ്രതിയായ നടന് മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കണം. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കണം.'' സുപര്‍ണ അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ കുറച്ചു സിനിമകളിലേ സുപര്‍ണ അഭിനയിച്ചുള്ളൂ. പ്രയാസമുള്ള അനുഭവങ്ങള്‍ കാരണമാണു സിനിമ ഉപേക്ഷിച്ചതെന്നു സുപര്‍ണ പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്കു നിന്നുകൊടുക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് സിനിമ വിടേണ്ടി വന്നത്. കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെയുള്ള പ്രവണതകള്‍ നേരത്തേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്തുപറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പരാജയമായതു കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നും സുപര്‍ണ വ്യക്തമാക്കി.
പിഗ്മാന് എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണു തനിക്കെതിരെ ജയസൂര്യയുടെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടായതെന്ന് നടി പറഞ്ഞു. അവിരാ റബേക്ക എന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പേര്. ഒരു പന്നി വളര്‍ത്തല്‍ കേന്ദ്രത്തിലായിരുന്നു ലൊക്കേഷന്‍. പഴയ കെട്ടിടമാണ്. രമ്യ നമ്പീശനൊക്കെ ഷൂട്ടിങ്ങിനുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.
''സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര് വലിയ വിലകൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ചു കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് നടന് എന്നെ കയറിപ്പിടിച്ചു. എനിക്ക് താല്‍പ്പര്യമില്ലെന്നു മനസിലായപ്പോള്‍ മാപ്പ് പറഞ്ഞു. നമുക്ക് പിടിച്ചുമാറ്റാന്‍ കഴിയാത്ത രീതിയില്‍ ശക്തമായിരുന്നു ജയസൂര്യയുടെ കൈകള്‍'' നടി പറഞ്ഞു.
തനിക്കെതിരെ ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിനു പിന്നില്‍ ഏതാനും യൂട്യൂബ് ചാനലുകളാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടി പറഞ്ഞു.
https://www.facebook.com/Malayalivartha
























