മലയിൻകീഴ് ശരത് കൊലക്കേസ് : ഒന്നാം പ്രതി ഓട്ടോ മോഹന് ജീവപര്യന്തം കഠിന തടവും പിഴയും

മലയിൻകീഴ് സ്വദേശി ശരത്തിനെ കുത്തി കൊലപ്പെടുത്തുകയും ഒന്നാം സാക്ഷി മഹേഷിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ഓട്ടോ മോഹന് ജീവപര്യന്തം കഠിന തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലയിൻകീഴ് തച്ചോട്ടുകാവ് മച്ചീനാട് മലയിൻകീഴ് പഞ്ചായത്ത് വീട്ടു നമ്പർ XV/569 ൽ റോഡരികത്തു വീട്ടിൽ സുകുമാരൻ നാടാർ മകൻ ഓട്ടോ മോഹൻ എന്ന മോഹനെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ്റേതാണ് ശിക്ഷാവിധി.
പിഴ തുകയിൽ നിന്നും മരിച്ച ശരത്തിൻ്റെ മാതാപിതാക്കൾ ആയ ചന്ദ്രശേഖരൻ നായർ, ചന്ദ്രിക , സഹോദരി സരിത എന്നിവർക്ക് ഒൻപത് ലക്ഷവും കേസിലെ ഒന്നാം സാക്ഷിയും പ്രതികളുടെ കുറ്റകൃത്യത്തിൽ വെച്ച് പരിക്കേറ്റ മഹേഷ് കുമാറിന് 20,000 രൂപ നൽകാനും വിധിന്യായത്തിൽ പറയുന്നു.
കേസിലെ രണ്ടാം പ്രതി തങ്കരാജൻ വിചാരണയ്ക്ക് ഇടയിൽ മരണപ്പെട്ടു. 2002 ജൂൺ ആറാം തീയതിയാണ് സംഭവം നടന്നത്. ഒന്നും രണ്ടും പ്രതികൾ ചേർന്ന് ചാരായ വാറ്റും കച്ചവടവും നടത്തി വരുന്നത് ഒന്നാം സാക്ഷിയും മരണപ്പെട്ട ശരത്തും പറഞ്ഞു വിലക്കിയ വിരോധത്താൽ പ്രതികൾ കൃത്യം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഒന്നാം സാക്ഷിയുടെ വീഡിയോ ഷോപ്പിൽ പ്രതികൾ ആയുധവുമായി അതിക്രമിച്ച് കയറി അക്രമിക്കുകയായിരുന്നു. ചാരായ കച്ചവടം നടത്തിയാൽ നിങ്ങൾക്ക് എന്താ കുഴപ്പം എന്ന് ആക്രോശിച്ചു കൊണ്ട് ആക്രമിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ശരത്തിൻ്റെ വലതു വശം നെഞ്ചിൽ ഏറ്റ മുറിവിൻ്റെ കാഠിന്യത്താലാണ് മരണം സംഭവിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് 15 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ, 6 തൊണ്ടി സാധനങ്ങൾ എന്നിവ കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
https://www.facebook.com/Malayalivartha
























