ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പിണറായി വിജയൻ മുക്കിയ ഭാഗങ്ങൾക്കായി...? ഇല്ലെങ്കിൽ അതീവ രഹസ്യം എന്നവകാശപ്പെട്ട റിപ്പോർട്ട്... ദേശീയ വനിതാ കമ്മീഷന്റെ കാൽക്കൽ സമർപ്പിച്ച് സാഷ്ടാംഗം നമസ്കരിക്കണം....

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പിണറായി വിജയൻ മുക്കിയ ഭാഗങ്ങൾക്കായി കേന്ദ്ര സർക്കാർ കേരള സെക്രട്ടേറിയറ്റ് റെയ്ഡ് ചെയ്യുമോ? ഇല്ലെങ്കിൽ അതീവ രഹസ്യം എന്നവകാശപ്പെട്ട റിപ്പോർട്ട് പിണറായി വിജയൻ സർക്കാർ ദേശീയ വനിതാ കമ്മീഷന്റെ കാൽക്കൽ സമർപ്പിച്ച് സാഷ്ടാംഗം നമസ്കരിക്കണം . റിപ്പോർട്ടിന്റെ പൂർണരൂപം നൽകിയില്ലെങ്കിൽ പിണറായി സർക്കാർ വിവരമറിയുമെന്ന് ദേശീയ വനിതാകമ്മീഷൻ ചീഫ് സെക്രടറിക്ക് നിർദ്ദേശം നൽകിയിരുന്നു. പുതിയതായി ചുമതലയേൽക്കുന്ന ചീഫ് സെക്രട്ടറി റിപ്പോർട്ട് വനിതാ കമ്മീഷന് കൈമാറിയില്ലെങ്കിൽ കളി മാറും. റിപ്പോർട്ട് സർക്കാർ നൽകിയില്ലെങ്കിൽ അത് റെയ്ഡ് ചെയ്തു കണ്ടെത്താൻ അധികാരമുള്ള സ്ഥാപനമാണ് വനിതാ കമ്മീഷൻ.
ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കേണ്ടതില്ലെന്ന് മുമ്പ് സംസ്ഥാന വനിതാ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത് മേൽ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പി.ആർ. ശിവശങ്കർ എന്നിവർ ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാകമ്മീഷന്റെ ഇടപെടൽ.റിപ്പോർട്ടിന്റെ പൂർണരൂപം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വേട്ടക്കാരെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം.
റിപ്പോർട്ട് കൈവശംവെച്ച് സംസ്ഥാന സർക്കാർ വിലപേശൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.290 പേജുകൾ അടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് അവ ഒഴിവാക്കിയത്.ബി ജെ പി നേതാക്കൾ ഔദ്യോഗികമായി പരാതി നൽകിയത് രണ്ടും കൽപ്പിച്ചാണ്.മുകേഷ്, രഞ്ജിത്ത് തുടങ്ങിയ സഖാക്കളുടെ തനിനിറം പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യം.സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോർട്ടിൽ ഉണ്ടായിട്ടും വേട്ടക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിനു പിന്നാലെ ചില സിനിമാ പ്രവർത്തകർ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇപ്പോൾ അന്വേഷണം നടന്നുവരുന്നത്. എന്നാൽ ഇത് സ്വന്തക്കാരെ രക്ഷിക്കാനുള്ള അടവാണെന്ന് എല്ലാവർക്കുമറിയാം. റിപ്പോർട്ടിന്റെ പൂർണ രൂപം മുഖ്യമന്ത്രിയുടെ കൈയിൽ മാത്രമാണുള്ളത്.സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ കൈയിൽ പോലും റിപ്പോർട്ട് പൂർണമായി ഇല്ലെന്നാണ് മനസിലാക്കുന്നത്. മുൻ മന്ത്രി എ.കെ. ബാലനാണ് കമ്മിറ്റി റിപ്പോർട്ട് കൈമാറിയത്. ആരോപണ വിധേയരായ സിനിമാക്കാരെ രക്ഷിക്കാൻ വേണ്ടിയാണ് പിണറായി റിപ്പോർട്ട് ഒളിപ്പിച്ചത്. മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലൈംഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.
പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിംഗ വിവേചനവും ലൈംഗിക അതിക്രമവും ക്രിമിനൽ പ്രവര‍്ത്തികളും ലോബിയിംഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈംഗിക താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയിൽ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികള‍് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈംഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
മലയാള സിനിമയിലെ മുൻനിര അഭിനേത്രിമാർ ഉൾപ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല‍്കിയിട്ടുള്ളത്.എന്നാൽ ലഹരിയെ കുറിച്ച് ഒരു അന്വേഷണവും നടക്കുന്നില്ല.മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂഷണവും വിശദമായി തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ‘തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തിൽ നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണെന്നും’ പറഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ആരംഭിക്കുന്നത്.
സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട് പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയിൽ ആൺകോയ്മ നിലനിൽക്കുന്നു. സ്ത്രീകൾ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നു
ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ മാത്രമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. വനിതാ പ്രൊഡ്യൂസർമാരെയും നടന്മാരും പ്രവർത്തകരും അപമാനിക്കും. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. 'നോ' പറഞ്ഞാൽ ഓക്കെ ആയ സീനുകൾ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓൺലൈൻ മാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നൽകിയിട്ടുണ്ട്.
വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്. സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്. ഈ ഒഴിവാക്കിയ ഭാഗങ്ങളാണ് നരേന്ദ്ര മോദി സർക്കാരിന് മുന്നിലേക്ക് എത്തുന്നത്. ഇനി മുകേഷിനെ പോലുള്ള വരെ രക്ഷിക്കാൻ പിണറായി ശ്രമിച്ചാലും നരേന്ദ്ര മോദി വെറുതെ വിടില്ല. മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്. ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണ. സർക്കാരിൽ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതലൊന്നും പറയുന്നില്ല, നടി കൂട്ടിച്ചേർത്തു. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി നൽകിയിരുന്ന കേസുകളിൽ മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയാണ് ഇന്നലെ മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയത്.
മരടിൽവെച്ച് മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് മുകേഷിനെതിരായ നടിയുടെ ആരോപണം. അതിനാൽ മരട് പോലീസാണ് മുകേഷിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിലെ അന്വേഷണച്ചുമതലയുള്ള ചേർത്തല ഡിവൈഎസ്പി കെ.വി. ബെന്നി ഇന്ന് പരാതിക്കാരിയിൽനിന്ന് കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു.കേസിൽ മുകേഷ് ഇതിനകം മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ ചൊവ്വാഴ്ചവരെ കോടതി അറസ്റ്റ് തടയുകയും ചെയ്തു. ഇതിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്.അതിനിടെ മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം പ്രമുഖ നടി രാധിക ശരത്കുമാർ വെളിപ്പെടുത്തി. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ നിരവധി നടിമാരാണ് പരാതികളുമായി മുന്നോട്ടുവന്നത്. മലയാളികൾ ഏറെ ആരാധിക്കുന്ന പുരുഷ താരങ്ങളിൽ നിന്നുണ്ടായ മോശം അനുഭവത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു അവയെല്ലാം. സിദ്ദിഖ്, ജയസൂര്യ, മുകേഷ്, ഇടവേള ബാബു സംവിധായകൻ രഞ്ജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ആരോപണവിധേയരായുള്ളത്.ഈ സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മിഷൻ കഴിഞ്ഞ ദിവസം നൽകിയ നിർദ്ദേശത്തിന്റെ പ്രസക്തി വർധിക്കുന്നത് . എന്നാൽ റിപ്പോർട്ട് പൂർണമായി നൽകാതിരിക്കാൻ പിണറായി ശ്രമിക്കും. റിപോർട്ട് കിട്ടിയാൽ സഖാക്കളുടെ ആണി തെറിക്കുമെന്ന് പിണറായിക്കറിയാം. കാരണം രഞ്ജിത്തിനെതിരായ റിപ്പോർട്ട് കൈയിൽ വച്ചിട്ടാണ് പിണറായി അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി അധ്യക്ഷനാക്കിയത് . കോഴിക്കോട് ഒന്നിൽ സി പി എം സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഇതാണ് സഖാവിന്റെ പ്രതിജ്ഞാബദ്ധത.
https://www.facebook.com/Malayalivartha
























