ഹോസ്റ്റല്‍ മുറിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം: ദുരൂഹതയെന്ന് ബന്ധുക്കള്‍

ഹോസ്റ്റല്‍ മുറിയില്‍ നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സമഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.മെഡിക്കല്‍ കോളജ് ഗവണ്മെന്റ് നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ (20) മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. സമഗ്ര അന്വേഷണം വേണമെന്നും കമ്മിഷണര്‍ക്കു പരാതി നല്‍കുമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നഴ്സിങ് കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചശേഷം കോട്ടയത്തേക്കു കൊണ്ടുപോയി.
ലക്ഷ്മിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. സഹപാഠികളില്‍നിന്നും ഹോസ്റ്റല്‍ നടത്തിപ്പുകാരില്‍നിന്നും പൊലീസ് മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.
കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്ഷ്മി ഇന്നലെ ക്ലാസില്‍ പോയിരുന്നില്ല. അസുഖമായതിനാല്‍ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി സുഹൃത്തുക്കളെ അറിയിച്ചത്. 11 മണിയോടെ മുറി വൃത്തിയാക്കാന്‍ ആള് വന്നപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്നു വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴാണ് ഫാനില്‍ ഷാള്‍കെട്ടി തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. മെഡിക്കല്‍ കോളജിനു പിന്‍വശത്തെ കെ.എം.കൃഷ്ണന്‍കുട്ടി റോഡിലെ സ്വകാര്യ ഹോസ്റ്റലിലാണ് ലക്ഷ്മി താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























