ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി

അടിക്കാനുള്ളവർ ഇപ്പോൾ അടിക്കണം. ആർക്കും അവസരം കിട്ടിയില്ലെന്ന് പിന്നീട് പരാതി പറയരുത്. അച്ചടക്കത്തിന്റെ വാൾ വീഴും മുമ്പ് കിട്ടിയ അവസരം പരമാവധി ഉപയോഗിച്ചോളണം. കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്ന പോരാട്ടത്തിന്റെ സ്വഭാവം ഏതാണ്ട് ഇതാണ്. മുതിർന്ന നേതാക്കൾ പരസ്പരം കൊമ്പുകോർക്കുന്നു. ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞ് ചേരിതിരിയുന്നു. ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് ആരോപണങ്ങൾ ഉയരുന്നു. യൂത്ത് കോൺഗ്രസിലും കൂട്ടയടിയുടെ പ്രതീതിയാണ്. നേതാക്കളുടെ പോര് ഇപ്പോൾ പരസ്യമായ വിഴുപ്പലക്കലിലേക്ക് എത്തിയിരിക്കുന്നു.
കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതിയ ഇന്ധനമായത് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദമാണ്. ഉമ്മൻചാണ്ടിയുടെ അവസാനകാലത്ത് അദ്ദേഹത്തിനൊപ്പം നിന്നത് ആരാണ്, അദ്ദേഹത്തെ കൈവിട്ടത് ആരാണ്, അദ്ദേഹത്തിന്റെ വിശ്വസ്തർ ആരൊക്കെയാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വലിയ തർക്കത്തിന് വഴിതുറന്നിരിക്കുന്നത്.
ഷാഫി പറമ്പിലിനെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നത്. ഉമ്മൻചാണ്ടിയുടെ അവസാനകാലത്ത് ഷാഫി അദ്ദേഹത്തെ കൈവിട്ടുവെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശം വലിയ വിവാദമായി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും ഷാഫിക്കെതിരെ പ്രതികരിച്ചതോടെ വിഷയം കൂടുതൽ വഷളായി. ചാണ്ടി ഉമ്മനും ഉണ്ണിത്താന്റെ നിലപാടിന് പിന്തുണയുമായി എത്തിയതോടെ കോൺഗ്രസിലെ പഴയ ഗ്രൂപ്പ് സമവാക്യങ്ങളും വീണ്ടും ചർച്ചയായി.
ഷാഫിയെ പിന്തുണച്ച് പി.സി. വിഷ്ണുനാഥും യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീറും രംഗത്തെത്തിയതോടെ പോര് പുതിയ തലത്തിലേക്ക് കടന്നു. ഉമ്മൻചാണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി കാണാൻ ആഗ്രഹിച്ചത് ജെ.എസ്. അഖിലിനെയായിരുന്നുവെന്ന വാദവും വിവാദത്തിന് ആക്കം കൂട്ടി.
പിന്നാലെ നേമം ഷജീറും ജെ.എസ്. അഖിലും തമ്മിൽ പരസ്യമായ വാക്പോര്. വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവർ എങ്ങനെയാണ് യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായത് എന്നായിരുന്നു അഖിലിന്റെ ചോദ്യം. ഷജീറിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെയും സംഘടനാ വളർച്ചയെയും ചോദ്യം ചെയ്തുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി.
വിട്ടുകൊടുക്കാൻ ഷജീറും തയ്യാറായില്ല. പതിനഞ്ച് വർഷമായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്നയാളാണ് താനെന്നും സമരങ്ങളിൽ പങ്കെടുത്ത് പൊലീസിന്റെ മർദനമേറ്റിട്ടുണ്ടെന്നും ഷജീർ തിരിച്ചടിച്ചു. സമരത്തിൽ ഒരു തുള്ളി വെള്ളം പോലും ദേഹത്ത് വീഴാത്തവരാണ് ഇപ്പോൾ വലിയ അവകാശവാദങ്ങളുമായി വരുന്നതെന്ന പരിഹാസവും ഉയർന്നു. ഇതിന് മറുപടിയായി സമരങ്ങളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അഖിലും രംഗത്തെത്തി. ഉമ്മൻചാണ്ടിക്കൊപ്പം അവസാനകാലം വരെ നിന്നതാണ് തന്റെ രാഷ്ട്രീയ യോഗ്യതയെന്ന നിലപാടും അഖിൽ ആവർത്തിച്ചു.
അതായത്, മുതിർന്ന നേതാക്കൾ തമ്മിലുള്ള തർക്കം യൂത്ത് കോൺഗ്രസിലേക്കും പടർന്നിരിക്കുന്നു. ഷാഫിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള പോര് മാത്രമല്ല, ഉമ്മൻചാണ്ടിയുടെ പേരിൽ ആരാണ് രാഷ്ട്രീയ അവകാശം ഉന്നയിക്കേണ്ടതെന്ന തർക്കവും ഇതിന് പിന്നിലുണ്ട്.
സംസ്ഥാന കോൺഗ്രസിൽ കെ.സി. വേണുഗോപാൽ പക്ഷവും വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന വിഭാഗവും തമ്മിലുള്ള അസ്വാരസ്യങ്ങളും ഇതിനൊപ്പം ചേർത്തുവായിക്കപ്പെടുന്നു. പഴയ എ ഗ്രൂപ്പിന്റെ പുനരുജ്ജീവനവും സംഘടനയിലെ അധികാര തർക്കങ്ങളും നേതൃത്വത്തിന്റെ നിയന്ത്രണവും എല്ലാം ചേർന്നതോടെ പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ പുറത്തേക്ക് ഒഴുകുകയാണ്. ഹൈക്കമാൻഡ് ഇടപെടലും അച്ചടക്ക നടപടികളും ചർച്ചയാകുന്ന സാഹചര്യത്തിൽ ഓരോ വിഭാഗവും തങ്ങളുടെ നിലപാടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഇതിനിടെയാണ് മുഖ്യമന്ത്രിയോടും മാധ്യമപ്രവർത്തകർ കോൺഗ്രസിലെ ഈ തർക്കങ്ങളെക്കുറിച്ച് ചോദിച്ചത്. പക്ഷേ മറുപടി രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചയായി. 'ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്' എന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ പ്രതികരിക്കേണ്ടതില്ലെന്നും ഇത്തരം ചോദ്യങ്ങൾ കെ.പി.സി.സി പ്രസിഡന്റിനോടാണ് ചോദിക്കേണ്ടതെന്നുമുള്ള നിലപാടും മുഖ്യമന്ത്രി വ്യക്തമാക്കി.
കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ മുഖ്യമന്ത്രി കൈകഴുകുകയാണോ, അതോ തർക്കങ്ങളിൽ ഇടപെടാതെ മാറിനിൽക്കുകയാണോ എന്ന ചർച്ചയും ഇതോടെ സജീവമായി. എന്തായാലും അച്ചടക്കത്തിന്റെ വാൾ വീഴുമോ എന്ന ആശങ്കയ്ക്കിടയിലും കോൺഗ്രസിനുള്ളിൽ പോരിന് കുറവില്ല. മുതിർന്ന നേതാക്കൾ മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വരെ പരസ്പരം ആരോപണങ്ങളുമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരുമിച്ച് നിൽക്കേണ്ടവർ പരസ്പരം കണക്കുതീർക്കുന്ന കാഴ്ച. ഇപ്പോൾ അടിക്കാനുള്ളവർ അടിച്ചുതീർക്കട്ടെ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. പക്ഷേ ഈ അടിയുടെ ആഘാതം കോൺഗ്രസിന്റെ സംഘടനാ ഐക്യത്തെ എത്രത്തോളം ബാധിക്കുമെന്നതാണ് ഇനി പ്രധാനം.
https://www.facebook.com/Malayalivartha

























