കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം കെ ജയകുമാറിന്

2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം കെ ജയകുമാറിന്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ 'പിങ്ഗള കേശിനി' എന്ന കവിതാസമാഹരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ജൂറി ഏകകണ്ഠമായാണ് പുരസ്കാരത്തിന് കെ ജയകുമാറിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗം കെ പി രാമനുണ്ണി പ്രതികരിച്ചു.
എഴുത്ത് ജീവിതത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് കെ ജയകുമാര്‍ പറഞ്ഞു. ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ജയകുമാര്‍ നിലവില്‍ കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ്.
കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ധവൃത്തങ്ങള്‍, രാത്രിയുടെ സാധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.
https://www.facebook.com/Malayalivartha

























