ആഡംബര വീട്ടില്‍ ലക്ഷങ്ങള്‍ മറിയുന്ന ചീട്ടുകളി...

ആഡംബര വീട്ടില്‍ ലക്ഷങ്ങള്‍ മറിയുന്ന ചീട്ടുകളി കയ്യോടെ പൊക്കി പോലീസ്. രണ്ടു നിലകളിലുള്ള ആഡംബര വീട്ടില്‍ രാത്രി 10 മണി കഴിയുമ്പോള്‍ ഇവിടേക്കു പതിവില്ലാത്ത വിധം കാറുകള്‍ വരുന്നതു കണ്ടു നാട്ടുകാരിലൊരാള്‍ക്കു തോന്നിയ സംശയമാണ് ജില്ലയിലെ ഏറ്റവും വലിയ 'പുള്ളിമുറി' സംഘത്തെ പിടികൂടാന്‍ പൊലീസിനു സഹായകരമായത്. ഇന്നലെ പുലര്‍ച്ചെ 3 നു ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജും സംഘവും കളനാട് വാണിയാര്‍ മൂലയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചീട്ടു കളിയിലേര്‍പ്പെട്ട കര്‍ണാടക സ്വദേശികള്‍ ഉള്‍പ്പെടെ 30 പേരെ പിടികൂടി. വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തു. 7,76550 രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തു. ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പൊലീസിനെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയവരുടെ കണ്ണില്‍പ്പെടാതെ ബൈക്കുകളിലാണ് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പരിശോധനയ്ക്ക് എത്തിയത്. വലിയ കോംപൗണ്ടാണു വീടിന്റേത്. അവിടെ കുറെ കാറുകള്‍ നിര്‍ത്തിയിട്ടിരുന്നു. വീടിന്റെ മുന്‍പിലെയും പിറകിലെയും വാതിലുകള്‍ പൂട്ടിയ ശേഷമാണ് പൊലീസുകാര്‍ അകത്തേക്കു കടന്നത്. 4 പേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ പിടികൂടി.
മുഹമ്മദ് കുഞ്ഞിയും ഈ ചീട്ടുകളി സംഘത്തിലെ അംഗമാണെന്നാണു പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഗള്‍ഫിലേക്കു പോയത് 2 ദിവസം മുന്‍പാണ്. ആളില്ലാത്തതു കൊണ്ടാണ് ഇവിടെ ചീട്ടുകളി നടത്താനുള്ള സൗകര്യമൊരുക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാസര്‍കോട്ടെയും മംഗളൂരുവിലെയും 3 പേരുടെ നേതൃത്വത്തിലാണ് ഇതു സംഘടിപ്പിക്കുന്നത്. പൊലീസ് പിടിക്കാതിരിക്കാന്‍, ഓരോ തവണയും ഓരോ സ്ഥലത്ത് ചീട്ടുകളി നടത്തുന്നതാണ് ഇവരുടെ രീതി.
ഒരു ദിവസം കാസര്‍കോടാണെങ്കില്‍ അടുത്ത തവണ മംഗളൂരുവില്‍ ആയിരിക്കും. ഓരോ കളിയിലും ലക്ഷങ്ങളാണ് മറിയുന്നത്. ചീട്ടുകളിയില്‍ പണം വച്ചു കളിക്കുന്ന പ്രധാന കളികളിലൊന്നാണ് പുള്ളിമുറി. കളിക്കാര്‍ക്കു പുറമെ കാണികള്‍ക്കും പന്തയം വയ്ക്കാന്‍ പറ്റും.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. ജില്ലയില്‍ സമീപകാലത്തു പിടികൂടുന്ന ഏറ്റവും വലിയ ചീട്ടുകളി കേസാണിത്. മേല്‍പ്പറമ്പ് എസ്‌ഐ വി.കെ.അനീഷും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
കര്‍ണാടക അശോക് നഗര്‍ കര്‍ക്കര കോംപൗണ്ടിലെ നിഷാന്ത്(30), ഉഡുപ്പി ഹലാദിയിലെ സി.കെ.അന്‍വര്‍(60), അതിഞ്ഞാല്‍ ജമീല മന്‍സിലിലെ പി.കെ.ഫൈസല്‍(45), ചിത്താരി പൊയ്യക്കര ഹൗസില്‍ പി.അജിത്ത്(31), ഹൊസ്ദുര്‍ഗ് ബത്തേരിക്കാല്‍ എഡിആര്‍ ഹൗസില്‍ വി.ഷൈജു(43), ബണ്ട്വാള്‍ ശാന്തി അങ്കടി ഹൗസില്‍ ഷമീര്‍(44), ചെങ്കള ഏരത്തില്‍ ഹൗസില്‍ സി.എ.മുഹമ്മദ് ഇക്ബാല്‍(40), ബംബ്രാണ കക്കളം ഹൗസില്‍ ഹനീഫ കക്കളന്‍(47), പുതുക്കൈ അടുക്കത്തുപറമ്പ ഹൗസില്‍ കെ.അഭിലാഷ്(39), ഉള്ളാള്‍ ബന്തിക്കോട്ടൈ ഭഗവതി നിലയത്തില്‍ അര്‍പിത്(34), അതിഞ്ഞാല്‍ മാണിക്കോത്ത് സെനീര്‍ മന്‍സിലിലെ എം.എസ്.ഇബ്രാഹിം(28), മുറിയനാവി ടി.കെ.ഹൗസില്‍ ടി.കെ.നൗഷാദ്(40), പുഞ്ചാവി അരു ഹൗസില്‍ ആദര്‍ശ്(25), കോയിപ്പാടി കൃഷ്ണകൃപയില്‍ പ്രവീണ്‍ കുമാര്‍(38), ഭീമനടി ചിറമ്മല്‍ ഹൗസില്‍ സി.ഫിറോസ്(41), ചെങ്കള കെകെപുറം കുന്നിലെ കെ.സുനില്‍(36), രാവണേശ്വരം തായല്‍ ഹൗസില്‍ ടി.പി.അഷ്റഫ്(48), മധൂര്‍ കുഞ്ചാര്‍ സ്‌കൂളിനു സമീപത്തെ കെ.എം.താഹിര്‍(27), കാഞ്ഞങ്ങാട് സൗത്ത് ജസ്‌ന മന്‍സിലിലെ കെ.ജാസിര്‍(26), കര്‍ണാടക ഗദക് ലക്ഷ്മിവാര സുറുനുഗി ഹൗസില്‍ ബണ്‍ദീപ കുറമ്പാര്‍(48), ബണ്ട്വാള്‍ ബൊള്ളൈ ഹൗസില്‍ അബ്ദുല്‍ അസീസ്(38), പെരിയ പൊള്ളക്കടയിലെ എം.കെ.സിദ്ദീഖ്(54), കുമ്പള ശാന്തിപ്പള്ളം വീരയ്യ ഹൗസില്‍ ശരത്ത്(33), ദേലംപാടി പരപ്പയിലെ മൊയ്തു(45), അജാനൂര്‍ പുളിക്കാലിലെ കെ.പ്രിയേഷ്(34), കാഞ്ഞങ്ങാട് സൗത്ത് പുതിയപുരയിലെ പി.പി.അഷ്‌റഫ്(39), ഒഴിഞ്ഞവളപ്പിലെ സി.അമീര്‍(50), കൊളവയലിലെ കെ.രഞ്ജിത്ത്(30), വാണിയര്‍മൂലയിലെ മുഹമ്മദ് കുഞ്ഞി(62), പടന്നക്കാട്ടെ ഷബീര്‍(36).
https://www.facebook.com/Malayalivartha

























