ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. ഇതോടെ നാല് പേരുള്‍പ്പെട്ട അക്രമി സംഘത്തിലെ എല്ലാവരും പിടിയിലായത്. ഇന്ന് കോഴിക്കോട് നിന്നാണ് കേസിലെ പ്രതികളായ നബീല്‍, വിഷ്ണു എന്നിവര്‍ പിടിയിലായത്. എസ്എംഎസ് പോലീസ് സംഘമാണ് ഒളിവില്‍ ആയിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചുമത്തും. വധശ്രമക്കുറ്റവും ചുമത്തും. കേസില്‍ ഹര്‍ഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കെ എല്‍ 52 എച്ച് 8733 എന്ന സെലേരിയോ കാറില്‍ സഞ്ചരിച്ച കമ്പളക്കാട് സ്വദേശികളായ ഹര്‍ഷിദും 3 സുഹൃത്തുക്കളുമാണ് അതിക്രമം നടത്തിയത് . ചെക്ക് ഡാം കാണാന്‍ എത്തിയ യുവാക്കള്‍ കൂടല്‍ കടവില്‍ വച്ച് മറ്റൊരു കാര്‍ യാത്രക്കാരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ ഇടപ്പെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന് തടഞ്ഞു. പിന്നീട് കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്.
ഹര്‍ഷിദ്, അഭിറാം എന്നീ പ്രതികളെയാണ് കല്‍പ്പറ്റയില്‍ വച്ച് മാനന്തവാടി പൊലീസ് രണ്ട് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലേക്ക് കടന്ന പ്രതികള്‍ ബസില്‍ വയനാട്ടിലേക്ക് തിരിച്ച് വരുമ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. പിടിയിലായിട്ടും കൂസലില്ലാതെയാണ് പ്രതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പിടിയിലായ ഹര്‍ഷിദ് ബീനാച്ചിയിലെ സിഗരറ്റ് കമ്പനിയില്‍ സെയില്‍സ്മാനാണ്. അഭിറാം ബെംഗളൂരുവില്‍ ആനിമേഷന്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നബീല്‍ സഹോദരന്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. നാട്ടില്‍ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ആളാണ് വിഷ്ണു.
https://www.facebook.com/Malayalivartha

























