മോദി വച്ച കാല്‍ മുന്നോട്ട്... ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാനായുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയായി; സമിതിയെ പിപി ചൗധരി നയിക്കും, പ്രിയങ്ക ഗാന്ധിയും അംഗം

അങ്ങനെ രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പുകളെല്ലാം ഒന്നിച്ച് ആക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ തീരുമാനമാകും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാനായുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയായി. 21 അംഗങ്ങളാണ് ലോക്‌സഭയില്‍ നിന്ന് സമിതിയലുള്ളത്.
10 പേര്‍ രാജ്യസഭയില്‍ നിന്നാണ്. ബിജെപി എംപിയായ പിപി ചൗധരിയാണ് സമിതിയുടെ ചെയര്‍മാന്‍. വയനാട് എംപി പ്രിയങ്ക ഗാന്ധിയും സമിതിയില്‍ അംഗമാണ്. ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍ ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലുമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ബില്ല് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകള്‍ മാത്രമാണ് സാധുവായത്. അതില്‍ 220 പേര്‍ ബില്ലിനെ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ലിപ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടത്തി. 467 പേരില്‍ 269 പേര്‍ ബില്ലിനെ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു. ഭൂരിപക്ഷ പിന്തുണയില്‍ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍ ബില്ല് അവതരിപ്പിക്കുകയായിരുന്നു.
ബില്ലിന് മേലുള്ള ചര്‍ച്ചയില്‍ അതിരൂക്ഷമായ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചു. നിയമസഭകളെ നോക്കുകുത്തിയാക്കി, സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം ഒരേ സ്വരത്തില്‍ പറഞ്ഞു. സാമ്പത്തിക ലാഭം, വോട്ടിംഗ് ശതമാനം ഉയര്‍ത്തും തുടങ്ങിയ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് ടിഡിപി, ശിവസേന ഷിന്‍ഡേ വിഭാഗം, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ അനുകൂലിച്ചു. ബില്ല് ജെപിസിക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്നും, പ്രധാനമന്ത്രിയും അക്കാര്യമാണ് താല്‍പര്യപ്പെടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുന്നതിന് പ്രമേയം അവതരിപ്പിച്ചിരുന്നില്ല. അംഗങ്ങളെ നിശ്ചയിച്ച ശേഷം പ്രമേയം അവതരിപ്പിക്കുമെന്ന് നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞിരുന്നു. ഭരണഘടന ഭേദഗതില്‍ ബില്‍ പാസാകാന്‍ 307 പേരുടെ പിന്തുണ വേണമെന്നിരിക്കേ ഇപ്പോഴത്തെ സംഖ്യയില്‍ ബില്‍ പാസാകില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിലൂടെ വ്യക്തമായി. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുകൂല നിലപാടിന്റെ കാരണവും ഇതായിരുന്നു.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പു ബില്ലിലെ 82(എ) വകുപ്പ്. പൊതു തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രപതി ലോക്‌സഭയുടെ ആദ്യ സഭാസമ്മേളനത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കും. ആ വിജ്ഞാപന തീയതി ആയിരിക്കും പുതിയ സഭയുടെ നിയുക്ത തീയതി.
ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്ന അന്നായിരിക്കും തെരഞ്ഞെടുക്കപ്പെട്ട എല്ലാ നിയമസഭകളുടേയും കാലാവധിയും പൂര്‍ത്തിയാവുക. അതായത് 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കി തുടങ്ങുന്നതെങ്കില്‍ 2029ന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭകളുടേയും കാലാവധി 2034ല്‍ പൂര്‍ത്തിയാവും. 2029ന് മുമ്പായി നിലവില്‍ വന്നതും 2034ന് മുമ്പായി കാലാവധി പൂര്‍ത്തിയാവുന്നതുമായ നിയമസഭകള്‍ക്ക് 2034ലെ പൊതുതെരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടി ലഭിക്കുകയും ചെയ്യും.
കേരളാ നിയമസഭ 2031ലാണ് കാലാവധി പൂര്‍ത്തിയാവുന്നതെങ്കിലും 2034 വരെ കാലാവധി ലഭിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും ഒരു നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള വ്യവസ്ഥകളും 82(എ) അഞ്ച് ഉപവകുപ്പില്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ ശിപാര്‍ശ അനുസരിച്ചാവും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് അധികാരം.
ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കപ്പെടുന്ന സാഹചര്യത്തില്‍ പിന്നീട് രൂപീകരിക്കുന്ന നിയമസഭയ്ക്ക് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ മാത്രമേ കാലാവധി ഉണ്ടാവൂ എന്ന് 82(എ) ആറ് ഉപവകുപ്പ് പറയുന്നു.
തെരഞ്ഞെടുപ്പു പരിഷ്‌കാരങ്ങള്‍ക്കായി ബില്ലുകള്‍ കൊണ്ടുവരാന്‍ അധികാരമുണ്ടെന്നും രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയകളെ ലഘൂകരിക്കാനാണ് ഈ ബില്ലെന്നും മേഘ്വാള്‍ പറഞ്ഞു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി നൂറു ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കും.
https://www.facebook.com/Malayalivartha

























