അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ മദ്യപാനിയായ മകന്റെ ശ്രമം; നാട്ടുകാർ കണ്ട കാഴ്ച.!

എറണാകുളം വെണ്ണലയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയിലായി. വെണ്ണല സ്വദേശിനി എഴുപത്രണ്ടുകാരിയായ അല്ലിയാണ് മരിച്ചത്. സംഭവത്തിൽ മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതുകണ്ട നാട്ടുകാര്‍ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടേയ്ക്ക് എത്തിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാർ കാണുന്നത്.
'യുവാവ് സ്ഥിരം മദ്യപാനിയാണ് എന്ന് നാട്ടുകാർ പറയുന്നു. കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. ഇയാൾ സ്ഥിരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. വീട്ടിൽ നിന്ന് ബഹളവും കേട്ടിരുന്നതായി.' നാട്ടുകാർ പറയുന്നു.
പ്രദീപിന് ഒരു ടയർ കടയാണുള്ളത്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാർ പറയുന്നു. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനെ തുടർന്ന് ഭാര്യ ഇയാളിൽ നിന്നും പിരിഞ്ഞ് സ്വന്തം വീട്ടിലാണ് കഴിയുന്നത്. അക്രമാസക്തനാകാറുള്ളതിനാൽ നാട്ടുകാർ ആരും പ്രശ്നത്തിൽ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്പോൾ പോലീസിൽ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു.
അമ്മ മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനെ നൽകിയ മൊഴി. പാലാരിവട്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റും. വൃദ്ധയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പാലാരിവട്ടം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























