രഹസ്യ അടി പരസ്യമാകുന്നു... സുകുമാരന്‍ നായര്‍ക്ക് പിന്നാലെ വെള്ളാപ്പള്ളിയും വിഡി സതീശനെ കൈയ്യൊഴിയുന്നു; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തല സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്കുവാങ്ങും

ഇനി ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ അടി തുടങ്ങി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് വേണമെന്ന ചോദ്യം എന്‍എസ്എസ് തന്നെ തുടങ്ങി വച്ചു. ഇപ്പോള്‍ അത് എസ്എന്‍ഡിപിയും ഏറ്റെടുത്തു. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വിഡി സതീശനെക്കാള്‍ യോഗ്യന്‍ ചെന്നിത്തലയാണ്. എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം എന്‍എസ്എസുമായി സഹകരിച്ചിട്ട് ചെന്നിത്തലയ്ക്ക് പ്രത്യേകിച്ച് ഗുണമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപിയും രമേശ് ചെന്നിത്തലയും തമ്മില്‍ കടലും കടലാടിയും പോലുള്ള ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍എസ്എസുമായി സഹകരിച്ചിട്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഗുണമില്ല. കാരണം താക്കോല്‍ സ്ഥാനത്ത് ആര് വന്നിട്ടും കാര്യമില്ല അതിന് താക്കോല്‍ കിട്ടിയിട്ട് വേണ്ടേ. 5 പേര്‍ താക്കോലിനായി പിന്നില്‍ നടക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.
അതേസമയം, പത്തുവര്‍ഷത്തെ ഇടവേളയ്ക്ക്‌ശേഷമാണ് രമേശ് ചെന്നിത്തലക്ക് എന്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പിന്നാലെ വി ഡി സതീശന് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണം ലഭിച്ചു.
അതേസമയം താക്കോല്‍ സ്ഥാന വിവാദത്തില്‍ തട്ടി എന്‍എസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന പിണക്കത്തിന്റെ മഞ്ഞുരുകുന്നു. മന്നംജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് 8 വര്‍ഷമായുള്ള അകല്‍ച്ചയ്ക്ക് അന്ത്യമാകുന്നത്.
കഴിഞ്ഞ എട്ട് വര്‍ഷമായി എന്‍എസ്എസും രമേശ് ചെന്നിത്തലയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. 2013ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ഭൂരിപക്ഷ ജനവിഭാഗം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
2013ല്‍ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോല്‍ സ്ഥാന വിവാദം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എന്‍എസ്എസ് ജെനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല.
വിവാദമായതോടെ സുകുമാരന്‍ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ഇതാണ് ചെന്നിത്തല -എന്‍എസ്എസ് അകല്‍ച്ചയിലേക്ക് നയിച്ചത്. കുറെ നാളുകളായി എന്‍എസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല.
പുതിയ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ സതീശനെ കുറ്റപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെയാണിത്.
'സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും അടുപ്പം പുലര്‍ത്തണം. സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം,' വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
" f
https://www.facebook.com/Malayalivartha

























