നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജി തള്ളി. കേസില്‍ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസില്‍ സാക്ഷിവിസ്താരമടക്കം പൂര്‍ത്തിയായ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേള്‍ക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയായിരുന്നു അതിജീവിത അപേക്ഷ നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്റെയും എതിര്‍ഭാഗത്തിന്റെയും അന്തിമവാദ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. വിചാരണയുടെ ഇതുവരെയുള്ള നടപടികള്‍ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. വിചാരണയുടെ അവസാന ഘട്ടത്തിലുള്ള അന്തിമവാദത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി. ദിലീപ് ഉള്‍പ്പെടെ 9 പേര് കേസില്‍ പ്രതികളായി. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. 2019ല്‍ ആരംഭിച്ച വിചാരണയാണ് ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അനധികൃതമായി തുറന്നു എന്നതടക്കം ഒട്ടേറെ വിവാദങ്ങളും ഇതിനിടെ ഉണ്ടായി. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha

























