ശബരിമലയില്‍ ഇന്നെത്തുന്ന തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി...

ശബരിമലയില്‍ ഇന്നെത്തുന്ന തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. രാവിലെ 11ന് ശേഷം തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തുന്ന ഘോഷയാത്ര, മൂന്നുമണിയോടെ സന്നിധാനത്തേക്ക് തിരിക്കും. വൈകുന്നേരം അഞ്ചുമണിയോടെ ഘോഷയാത്ര ശരംകുത്തിയില്‍ എത്തിയ ശേഷമേ തീര്‍ത്ഥാടകരെ കടത്തിവിടുകയുള്ളൂ.
ഉച്ചപൂജയ്ക്ക് നടഅടച്ചാല്‍ അഞ്ചുമണിക്കേ തുറക്കുകയുള്ളൂ. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷമേ ഭക്തര്‍ക്കു ദര്‍ശനം സാദ്ധ്യമാകുകയുള്ളൂ. വൈകുന്നേരം 6.40നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. ദീപാരാധന കഴിഞ്ഞേ ഭക്തരെ പതിനെട്ടാംപടി കയറാനായി അനുവദിക്കുകയുള്ളൂ. തങ്കഅങ്കി വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴാന്‍ എല്ലാവര്ക്കും അവസരം ഉറപ്പാക്കുമെന്ന് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു.
നാളെ ഉച്ചക്ക് 12നും 12.30നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തിലാണ് മണ്ഡലപൂജ. മണ്ഡലകാലത്തിന് സമാപനം കുറിച്ച് നാളെ രാത്രി 11ന് നടയടയ്ക്കുന്നതാണ്. മകരവിളക്ക് മഹോത്സവത്തിന് 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
https://www.facebook.com/Malayalivartha

























